വൈത്തിരി താലൂക്ക് ആശുപത്രിയിൽ സമ്പൂർണ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം
വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
വയനാട്: വൈത്തിരി താലൂക്ക് ആശുപത്രിയിൽ സമ്പൂർണ ഇടുപ്പ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിക്കാണ് ഇടുപ്പ് മാറ്റിവെച്ചത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയ സർക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുൾപ്പെടുത്തി പൂർണമായും സൗജന്യമായാണ് പൂർത്തീകരിച്ചത്. ആശുപത്രിയിൽ സജ്ജമാക്കിയ പുതിയ ഓപ്പറേഷൻ തിയേറ്ററിൽ രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് നടത്തിയത്.
വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. രോഗിയുമായി മന്ത്രി സംസാരിച്ചു. ടി. സിദ്ദിഖ് എംഎൽഎയുടെ ഫോണിലൂടെ വീഡിയോ കോൾ മുഖേനയാണ് മന്ത്രി ആശുപത്രിയിലെ രോഗിയുമായി സംസാരിച്ചത്.
ഇടുപ്പുവേദനയെ തുടർന്നാണ് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ 71 കാരിയായ തങ്കം ചികിത്സ തേടിയത്. വേദന കാരണം നടക്കുവാനോ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുവാനോ സാധിക്കാത്ത അവസ്ഥയിലാണ് അവർ ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ഇടുപ്പ് സന്ധി പൂർണമായും തേയ്മാനം ബാധിച്ച് നശിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്നാണ് സങ്കീർണമായ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.
വയനാട് ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടത്തിയത്. കഴിഞ്ഞ വർഷം മാനന്തവാടി മെഡിക്കൽ കോളജിൽ സിക്കിൾ സെൽ രോഗിക്ക് ഇടുപ്പ് മാറ്റിവെച്ചിരുന്നു. ജില്ലയിലെ താലൂക്ക് ആശുപത്രിയിലെ ആദ്യത്തെ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്.
ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. രാജഗോപാലൻ, ഡോ. നിഖിൽ നാരായണൻ, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. സക്കീർ ഹുസൈൻ, ഡോ. സ്വാതി സുതൻ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഡോ. ജെയിൻ, ഹെഡ് നഴ്സ് റെജി മോൾ, നഴ്സിങ് ഓഫീസർമാരായ മിനു ദേവസ്യ, അശ്വതി ചന്ദ്രൻ, അനസ്‌തേഷ്യ ടെക്നീഷ്യൻ അഭിജിത്ത്, നഴ്സിങ് അസിസ്റ്റന്റ്മാരായ റസിയ, ഷിജി എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Adjust Story Font
16