Quantcast

'വസ്തുതകൾക്ക് നിരക്കാത്തതും ദുഃഖകരവും, ഹക്കീം ഫൈസിക്കെതിരായ നടപടി സമസ്ത പിൻവലിക്കണം'; ആവശ്യമുയർത്തി വാഫി അലുംനി

നടപടി പതിനായിരക്കണക്കിന് കുട്ടികളുടെ പഠനത്തിൽ ആശങ്ക സൃഷ്ടിക്കുമെന്നും നാലായിരത്തിലധികം വരുന്ന വാഫി, വഫിയ്യകളുടെ ആദർശം ചോദ്യം ചെയ്യുന്നതിലേക്ക് വഴിവെക്കുമെന്നും വാഫി അലുംനി അസോസിയേഷൻ

MediaOne Logo

Web Desk

  • Updated:

    2022-11-10 15:45:21.0

Published:

10 Nov 2022 3:42 PM GMT

വസ്തുതകൾക്ക് നിരക്കാത്തതും ദുഃഖകരവും, ഹക്കീം ഫൈസിക്കെതിരായ നടപടി സമസ്ത പിൻവലിക്കണം; ആവശ്യമുയർത്തി വാഫി അലുംനി
X

മലപ്പുറം: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയ നടപടി സമസ്ത പിൻവലിക്കണമെന്ന് വാഫി അലുംനി അസോസിയേഷൻ. സുന്നി ആശയങ്ങൾക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചത് വസ്തുതകൾക്ക് നിരക്കാത്തതും ദുഃഖകരവുമാണെന്നും വാർത്താകുറിപ്പിൽ വാഫി അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഫൽ അബ്ദു റഊഫ് വാഫി പറഞ്ഞു. മുൻകാലങ്ങളിൽ സമസ്ത പിന്തുടർന്ന രീതിക്ക് വിരുദ്ധമായി കൈകൊണ്ട തീരുമാനം മാനുഷിക മൂല്യങ്ങളുടെ ലംഘനമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സമസ്ത പിന്തുടരുന്ന സുന്നീ ആശയം അംഗീകരിച്ച് ആയിരക്കണക്കിന് പണ്ഡിതരെയും പണ്ഡിതകളെയും വാർത്തെടുക്കുന്നതിൽ നിർണായക പങ്ക്‌വഹിച്ച പണ്ഡിതനെ അവേഹളിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെ ശരിവെക്കുന്നത് സമൂഹത്തിൽ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നും പറഞ്ഞു. പതിനായിരക്കണക്കിന് കുട്ടികളുടെ പഠനത്തിൽ ആശങ്ക സൃഷ്ടിക്കുമെന്നും നാലായിരത്തിലധികം വരുന്ന വാഫി, വഫിയ്യകളുടെ ആദർശം ചോദ്യം ചെയ്യുന്നതിലേക്ക് വഴിവെക്കുമെന്നും വാഫി അലുംനി അസോസിയേഷൻ ചൂണ്ടിക്കാട്ടി.

29.06.2022ന് സമസ്തയുടെ ലെറ്റർഹെഡിൽ സിഐസിയെ കുറിച്ചും ഹക്കീം ഫൈസിയെ കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന കുറിപ്പ് പുറത്തുവന്നപ്പോൾ സത്യാവസ്ഥ ചൂണ്ടിക്കാട്ടി വാഫി അലുംനി സമസ്ത മുശാവറക്ക് കത്ത് നൽകിയിരുന്നുവെന്നും നേതാക്കളെ നേരിൽ പോയി കണ്ടിരുന്നുവെന്നും അവർ അറിയിച്ചു. പക്ഷേ കത്തിന് മറുപടി ലഭിച്ചില്ലെന്നും വിവാദ കുറിപ്പ് തിരുത്തിയില്ലെന്നും തെളിവ് നൽകിയിട്ടില്ലെന്നും അലുംനി പറഞ്ഞു.

വാഫി, വഫിയ്യ സംവിധാനത്തെയും നേതൃത്വത്തെയും തേജോവധം ചെയ്യാനും സമസ്ത നേതൃത്വത്തിൽ തെറ്റിദ്ധാരണയും സമൂഹത്തിൽ ഭിന്നതയും സൃഷ്ടിക്കാനും ചിലർ ബോധപൂർവം പ്രവർത്തിക്കുന്നുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായും വാഫി അലുംനി വ്യക്തമാക്കി. ഇത്തരം ശക്തികളെ സമസ്തക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ തുറന്നുകാട്ടുമെന്നും പറഞ്ഞു. ഹക്കീം ഫൈസിക്കെതിരായ നടപടിയിലൂടെ വാഫി, വഫിയ്യാ കുടുംബത്തിനും സമസ്തയെ സ്‌നേഹിക്കുന്നവർക്കുമുണ്ടായ പ്രയാസങ്ങൾ മനസ്സിലാക്കി നടപടി പിൻവലിക്കാനും സിഐസി പ്രവർത്തനം സുഗമമാക്കാനും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും സിഐസിയെയും തകർക്കാനുള്ള യൂട്യൂബർമാരടക്കമുള്ള ചിലരുടെ ശ്രമങ്ങൾ ചെറുക്കുമെന്ന് വാഫി അലുംനി അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു.

വിശദീകരണയോഗം വിളിച്ച് സമസ്ത

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ സമസ്ത യോഗം വിളിച്ചു. ചേളാരിയിലെ സമസ്ത ആസ്ഥാനത്ത് ശനിയാഴ്ചയാണ് യോഗം. സമസ്തയുടെയും പോഷക സംഘടകളുടെയും കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുക്കുക. എസ്.വൈ എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചു ചേർക്കുന്നത്.

ഹക്കീം ഫൈസിയെ സിഐസിയിൽ നിന്ന് പുറത്താക്കാൻ സമസ്ത ആവശ്യപ്പെടും

അബ്ദുൽ ഹക്കീം ഫൈസിയെ സിഐസിയിൽ നിന്ന് പുറത്താക്കാൻ സമസ്ത ആവശ്യപ്പെടും. സിഐസി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളോടാകും സമസ്ത ആവശ്യം ഉന്നയിക്കുക. വിശദീകരണം പോലും തേടാതെയുള്ള പുറത്താക്കലിൽ സിഐസിക്ക് വലിയ അതൃപ്തിയുണ്ട്. കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ ജനറൽ സെക്രട്ടറിയായ ഹക്കീം ഫൈസിയെ സമസതയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാനാണ് ഇന്നലെ കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ തീരുമാനിച്ചത്. സി ഐ സി സമസ്തയുടെ പോഷക സംഘനടനയോ സംവിധാനമോ അല്ലാത്തതിനാൽ സമസ്തക്ക് നേരിട്ട് തീരുമാനമെടുക്കാനാവില്ല. എന്നാൽ സമസ്തക്ക് കീഴിലെ കോളജുകളിലാണ് സി ഐ സി യുടെ വാഫി വഫിയ്യ കോഴ്സുകള് പഠിപ്പിക്കുന്നത്.

സമസ്തയിൽ നിന്ന് പുറത്താക്കിയ ഒരാൾ സി ഐ സിയുടെ സുപ്രധാന സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന നിലപാട് സംഘടനക്കുള്ളത്. അതിനാൽ അബ്ദുല് ഹക്കീം ഫൈസിയെ സി ഐ സിയുടെ ജനറല് സെക്രട്ടറിയടക്കമുള്ള സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്ന സി ഐ സിയുടെ അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെടാന് സമസ്ത നേതൃത്വം തീരുമാനിച്ചു. സമസ്തയുമായുള്ള ചർച്ചക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.

പരാതി, അന്വേഷണ സമിതി, നടപടി...

സമസ്ത കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിലടക്കം പ്രവർത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കിയെന്നായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അറിയിച്ചത്. സംഘടന വിരുദ്ധവും സുന്നീ വിരുദ്ധവുമായ നടപടികൾ ഹക്കീം ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടായതായി രേഖാമൂലം പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണ സമിതി അക്കാര്യം കണ്ടെത്തിയെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നും പറഞ്ഞു. കോഴിക്കോട് സമസ്ത ഓഫിസിൽ ചേർന്ന യോഗത്തിലായരിുന്നു തീരുമാനം.

സമസ്തയും കേരളത്തിലെ വിവിധ മുസ്ലിം സ്ഥാപനങ്ങളുടെ സംയുക്ത വേദിയായ സിഐസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കുറച്ചുകാലമായി രൂക്ഷമായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇരു വിഭാഗവും പരസ്പരം വിമർശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചേളാരി സമസ്താലയത്തിൽ നടന്ന സമസ്ത പോഷക സംഘടനകളുടെ നേതൃ സംഗമത്തിൽ ഈ വിഷയത്തെ ചൊല്ലിയുണ്ടായ തർക്കം ബഹളത്തിൽ കലാശിച്ചിരുന്നു. സിഐസിയുടെ കീഴിൽ നടക്കുന്ന വഫിയ്യ കോഴ്‌സിൽ ചേരുന്ന പെൺകുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളിൽ സമസ്ത നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നുവെങ്കിലും ഒക്ടോബർ 20, 21 തിയ്യതികളിലായി കോഴിക്കോട്ട് നടന്ന വാഫി വഫിയ്യ കലോത്സവത്തിൽ നിന്നും സനദ്ദാനത്തിൽ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു. സ്ഥാപനങ്ങൾക്കായി സമസ്ത പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനിൽക്കൽ. എന്നാൽ അത്തരം ചട്ടങ്ങൾ പുറത്തിറക്കിയിട്ടില്ലെന്നും നൽകാത്ത ചട്ടങ്ങളിൽ ഒപ്പുവെച്ചില്ലെന്ന് കാണിച്ചാണ് നേതാക്കൾ മാറിനിന്നതെന്നുമാണ് സിഐസി അധികൃതർ പറയുന്നത്.

സമസ്തയുമായുള്ള തർക്കത്തിൽ സിഐസിയുടെ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും പ്രശ്നം പൂർണമായി പരിഹരിക്കാനായിരുന്നില്ല. മുസ്ലിംലീഗ് അധ്യക്ഷൻ കൂടിയായ സാദിഖലി തങ്ങൾ രാഷ്ട്രീയ പരിപാടികളിലായിരുന്ന സമയത്ത് ചർച്ചകൾ നീട്ടിവെച്ച ശേഷമാണ് വാഫി വഫിയ്യ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ സമസ്ത നേതാക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ സമസ്തയുടെ അണികൾ വാഫി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നില്ല. സമസ്ത നേതൃത്വത്തിന്റെ നിർദേശം തള്ളി എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വഫിയ്യ കോഴ്സിന് ചേരുന്ന പെൺകുട്ടികൾ പഠനം പൂർത്തിയാകുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് കരാർ ഒപ്പുവെക്കണമെന്ന് സിഐസി നിബന്ധന വെച്ചിരുന്നു. എന്നാൽ ഇത് ഇസ്ലാമിക രീതിയല്ലെന്ന് സമസ്ത ചൂണ്ടിക്കാട്ടി. സിഐസി ഭരണഘടനയിൽ കൊണ്ടുവന്ന മാറ്റങ്ങളും സമസ്തയുടെ അപ്രീതിക്ക് കാരണമായിരുന്നു. സിഐസിയുടെ രക്ഷാധികാരി സ്ഥാനം സമസ്തയുടെ പ്രസിഡൻറായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് മാറ്റിയിരുന്നത്.

എന്നാൽ സമസ്ത പ്രസിഡണ്ടിനെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സി അഡൈ്വസർ സ്ഥാനത്തുനിന്ന് മാറ്റി എന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും നിലവിൽ അദ്ദേഹം അഡൈ്വസർ തന്നെയാണെന്നും ഹക്കീം ഫൈസി വ്യക്തമാക്കിയിരുന്നു. ഭാവിയിൽ വേണ്ടി വന്നാൽ പ്രസിഡണ്ടിനും സെക്രട്ടറിക്കും മുശാവറ മെമ്പർമാർക്കും അഡൈ്വസറാകാൻ പറ്റും വിധം ഭരണഘടന മാറ്റിയിട്ടുണ്ട്. തികച്ചും സാങ്കേതികമായ നടപടിയാണിത്. ഈ ഭേദഗതിയിൽ ജാമിഅ നൂരിയ്യ പ്രസിഡണ്ട് അഡൈ്വസറല്ലാതായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. 90 സ്ഥാപനങ്ങൾ അംഗമായ സി.ഐ.സി യുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത ഒന്നൊഴികെയുള്ള സ്ഥാപനങ്ങൾ ഫെബ്രുവരി ആദ്യത്തിൽ നടന്ന ഭേദഗതിയോട് യോജിച്ചിട്ടുണ്ടെന്നും ഇക്കാര്യം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുമുണ്ടെന്നും അന്ന് അറിയിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സൊസൈറ്റിയാണ് സി.ഐ.സിയെന്നും അഡൈ്വസർമാരെയും മറ്റും തെരഞ്ഞെടുക്കാനുള്ള പരമാധികാരം ജനറൽ ബോഡിയിൽ നിക്ഷിപ്തമാണെന്നും പറഞ്ഞു.

അബ്ദുൽ ഹക്കീം ഫൈസിയുടെ ചില പ്രഭാഷണങ്ങൾ ചൂണ്ടിക്കാട്ടി സമസ്തയുടെ ആശയങ്ങൾ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ചിലർ വിമർശിച്ചിരുന്നു. നബിദിനാഘോഷവുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാൻ ആഹ്വാനം ചെയ്യുന്നതടക്കമുള്ള പ്രസംഗങ്ങളാണ് വിമർശിക്കപ്പെട്ടിരുന്നത്. സമസ്തയുടെ നടപടി പ്രതീക്ഷിക്കുന്ന രീതിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാഫി വഫിയ്യ സ്ഥാപനങ്ങളുമായ ബന്ധപ്പെട്ടവർ 'ഉസ്താദുള്ള സമസ്തക്കൊപ്പം' എന്ന പേരിൽ ഓൺലൈൻ കാമ്പയിൻ തന്നെ നടത്തിയിരുന്നു. ഹക്കീം ഫൈസിയെ പുറത്താക്കിയെങ്കിലും സിഐസിയെ നേരിട്ട് പരാമർശിച്ചുള്ള നടപടികളൊന്നും സമസ്ത അറിയിച്ചിട്ടില്ല. നിരവധി വിദ്യാർഥികൾ പഠനം നടത്തുന്ന കോളേജുകളുടെ നടത്തിപ്പിനെ പുതിയ നടപടി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇത്തരം കോളേജുകൾ സമസ്ത ആശയങ്ങളുള്ളവർ നടത്തുന്നതാണ്. ഫൈസിയെ പുറത്താക്കിയ നടപടി ഇവരെങ്ങനെ കാണുമെന്നതും പ്രസക്തമാണ്.

Wafi Alumni Association wants Samasta to withdraw the action of expelling Abdul Hakeem Faizi Adrissery, General Secretary of Coordination of Islamic Colleges (CIC) and Member of Samasta Malappuram District Mushavara.

TAGS :

Next Story