ഔദ്യോഗിക വിഭാഗം പ്രസിഡന്‍റിന്‍റെ പക്ഷമെന്ന് വഹാബ്; ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമെന്ന് കാസിം
ദേശീയ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുന്നതായി അബ്ദുൽ വഹാബ് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയും വഹാബും തമ്മിൽ അന്തർധാര സജീവമാണെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു
അഭിപ്രായഭിന്നതകൾക്കൊടുവിൽ ഇരുചേരിയായി പിളർന്നതിനു പിറകെ ഐഎൻഎൽ ഔദ്യോഗികപക്ഷം തങ്ങളുടേതാണെന്ന അവകാശവാദവുമായി എപി അബ്ദുൽ വഹാബും കാസിം ഇരിക്കൂറും. സംസ്ഥാന പ്രസിഡന്റിന്റെ പക്ഷമാണ് ഔദ്യോഗിക പക്ഷമെന്ന് എപി അബ്ദുൽ വഹാബ് അവകാശപ്പെട്ടു. എന്നാൽ, ദേശീയ നേതൃത്വം ജില്ലാ ഘടകങ്ങളും തങ്ങൾക്കൊപ്പമാണെന്ന് കാസിം ഇരിക്കൂരും വാദിച്ചു.
ദേശീയ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുന്നു: അബ്ദുൽ വഹാബ്
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചുചേർക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കാസിം ഇരിക്കൂറിനെ പുറത്താക്കിയതെന്നാണ് എപി അബ്ദുൽ വഹാബ് വിശദീകരിച്ചത്. ഒരുപാട് വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ഉടലെടുത്തിട്ടുണ്ട്. പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ആരോപങ്ങളും ഉയർന്നു. ഈ പശ്ചാത്തലത്തിൽ അടിയന്തരമായി യോഗം വിളിക്കണമെന്ന് നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വഹാബ് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിനുമുൻപും ഫലം വന്നതിനു പിറകെയും നിർബന്ധമായി സെക്രട്ടറിയേറ്റ് യോഗം വിളിക്കണമെന്ന് സെക്രട്ടറി കാസിം ഇരിക്കൂറിനോട് ആവശ്യപ്പെട്ടു. രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ അഖിലേന്ത്യാ പ്രസിഡന്റിനുമുൻപിൽ കാര്യമുണർത്തി. പ്രസിഡന്റിന്റെ ആവശ്യപ്രകാരമാണ് ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. രാവിലെ ഒൻപതുമുതൽ ഉച്ചവരെ സെക്രട്ടറിയേറ്റും ഉച്ചയ്ക്കു ശേഷം പ്രവർത്തക സമിതിയുമായിരുന്നു നടന്നത്. എന്നാൽ, യോഗവുമായി മുന്നോട്ടുപോകാൻ ജനറൽ സെക്രട്ടറി തയാറല്ലെന്നാണ് അദ്ദഹേത്തിന്റെ നടപടികളിൽനിന്നു വ്യക്തമായത്. സ്വാഗതപ്രസംഗത്തിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തി.
ഇന്നത്തെ യോഗത്തിൽ പാർട്ടി സെക്രട്ടറിയെ അവമതിക്കുന്ന തരത്തിൽ ജനറൽ സെക്രട്ടറി സംസാരിച്ചു. പാർട്ടിയുടെ തുടക്കംതൊട്ട് നേതൃത്വത്തിലുള്ള നേതാവായ പാലാക്കാട്ടുനിന്നുള്ള എംഎ വഹാബ് എന്ന മുതിർന്ന നേതാവിനെതിരെയായിരുന്നു കാസിം ഇരിക്കൂരിന്റെ മോശം പരാമർശമെന്നും വഹാബ് ചൂണ്ടിക്കാട്ടി. രണ്ട് നേതാക്കൾക്കെതിരായ നടപടിയെച്ചൊല്ലിയാണ് ഐഎൻഎല്ലിന്റെ നേതൃയോഗത്തിനിടെ ഇന്ന് തർക്കമുണ്ടായതും പിന്നീട് കൈയാങ്കളിയിൽ കലാശിച്ചതും. സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ അസീസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീർ ബടേരി എന്നീ നേതാക്കളെ പുറത്താക്കിയതായി മിനുറ്റ്സിൽ എഴുതിച്ചേർക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ഇത്.
ദേശീയ നേതൃത്വത്തിന്റെ നടപടി തള്ളിക്കളയുന്നുവെന്നും വഹാബ് പ്രതികരിച്ചു. ദേശീയ പ്രസിഡന്റ് മുൻപും പലരെയും പുറത്താക്കിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ പക്ഷമാണ് ഔദ്യോഗിക വിഭാഗം. സെക്രട്ടറിയേറ്റിൽ ഭൂരിഭാഗം പേരും തനിക്കൊപ്പമാണെന്നും വഹാബ് അവകാശപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയും വഹാബും തമ്മിൽ അന്തർധാര: കാസിം ഇരിക്കൂർ
രാവിലത്തെ യോഗത്തിൽ ഒരു ആവശ്യവുമില്ലാതെ പ്രകോപനപരമായി പെറുമാറിയെന്നു കാണിച്ചാണ് വഹാബിനു പുറമെ ഏഴ് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയതെന്ന് കാസിം ഇരിക്കൂർ വ്യക്തമാക്കി. രാവിലത്തെ യോഗത്തിനു ശേഷം നടന്ന കൈയാങ്കളിയിലും കൂട്ടത്തല്ലിലും പങ്ക് ആരോപിച്ചാണ് നടപടി.
കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത കുറേ ഗുണ്ടകൾ യോഗം നടന്ന ഹോട്ടലിനു പുറത്ത് ഏറ്റുമുട്ടുകയായിരുന്നു. നേരത്തെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ നേതാക്കൾ ഒരുക്കിയ പ്രത്യേക ഗുണ്ടകളായിരുന്നു ഇത്. പാർട്ടിക്കാർ തമ്മിലല്ല ഏറ്റുമുട്ടലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പിളർന്നിട്ടില്ല. ചെറിയൊരു വിഭാഗം പാർട്ടിയിൽനിന്നു പുറത്തുപോകുകയാണുണ്ടായത്. 14 ജില്ലകളിലെ ഭാരവാഹികളും ഭൂരിഭാഗം സെക്രട്ടറിയേറ്റ് ഭാരവാഹികളും തങ്ങൾക്കൊപ്പമാണ്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും തങ്ങൾക്കാണുള്ളത്. ദേശീയ നേതൃത്വമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പികെ കുഞ്ഞാലിക്കുട്ടിയും വഹാബിന്റെ നേതൃത്വത്തിൽ പുറത്താക്കപ്പെട്ടവരും തമ്മിൽ ബന്ധമുണ്ട്. ലീഗുമായുള്ള ഇവരുടെ അന്തർധാരയെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമായതാണെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർത്തു.
Adjust Story Font
16