വഖഫ് ബോർഡ് നിയമനം: ആശങ്കകൾ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കേരള മുസ്‌ലിം ജമാഅത്ത്
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയുടെ പ്രതികരണം.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ആശങ്കകൾ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കേരള മുസ്‌ലിം ജമാഅത്ത്. വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയുടെ പ്രതികരണം.
ധൃതിപിടിച്ച് നിയമം നടപ്പിലാക്കില്ലെന്നും ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തി അവര്‍ ഉന്നയിക്കുന്ന മുഴുവന്‍ ആശങ്കകളും പരിഹരിച്ച് മാത്രമേ നടപ്പില്‍ വരുത്തുകയുള്ളുവെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞതായി കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ പറഞ്ഞു. വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന ആശങ്കകള്‍ അസ്ഥാനത്താണ്. നിയമസഭ പാസാക്കിയ ബില്ലില്‍ തന്നെ ബോര്‍ഡ് നിയമനത്തില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികളെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തീരുമാനത്തിൽ സർക്കാർ ഉറച്ച് നിന്നാൽ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് മുസ്‌ലിം സംഘടനകളുടെ നീക്കം. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്ത് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
വഖഫ് ആക്ടിന് എതിരാണ് സർക്കാർ തീരുമാനം. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16