വഖഫ് നിയമഭേദഗതി പിൻവലിക്കണം, നടപടിക്ക് മുമ്പ് യോഗം വിളിക്കേണ്ടതായിരുന്നുവെന്ന് മുസ്‌ലിം ലീഗ്
എന്തോ ദുരുദ്ദേശംകൊണ്ടാണ് നിയമം കൊണ്ടുവന്നതെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി പിൻവലിക്കണമെന്നത് എല്ലാ മുസ്‍ലിം സംഘടനകളുടെയും ആവശ്യമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. എന്തോ ദുരുദ്ദേശംകൊണ്ടാണ് നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടു വരുന്നതിനു മുമ്പ് മത സംഘടനകളുടെ യോഗം വിളിക്കേണ്ടിയിരുന്നുവെന്നും പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതിൽ സന്തോഷം, നിയമഭേദഗതി പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്നവർ പോലും ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കവെയാണ് ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ മുസ്‌ലിം സംഘടനകള്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ പ്രഖ്യാച്ചതോടെ എതിർപ്പ് ശക്തമായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചത്.
നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ആവർത്തിക്കാനാണ് എ.പി വിഭാഗം സമസ്ത ഒഴികെയുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനം. ഇന്ന് വൈകിട്ട് നാലിനാണ് യോഗം ചേരുക. നടപടി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നുമുണ്ടാകും.
Adjust Story Font
16