കുറ്റ്യാടി നെരയങ്കോട്ട് ജുമാമസ്ജിദ്: ഭൂമി തിരികെപിടിക്കാൻ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്
മേപ്പാട്ട് കുടുംബാംഗങ്ങള്‍ മുതവല്ലികളായി പള്ളിയും അനുബന്ധ ഭൂമിയും സംരക്ഷിച്ചു പോരുകയായിരുന്നു
കോഴിക്കോട്: കുറ്റ്യാടി നെരയങ്കോട്ട് ജുമാമസ്ജിദിന്റെ അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാനും ശരിയായ മുതവല്ലിയെ കണ്ടെത്താനും വഖഫ് ബോർഡിനെ ചുമതപ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. ജുമാമസ്ജിദിന് ഭൂമി വഖഫ് ചെയ്ത കുനിങ്ങാരത്ത് അമ്മദിന്റെ പിന്മുറക്കാർ നടത്തിയ നിയപോരാട്ടത്തിനൊടുവിലാണ് വഖഫ് ട്രൈബ്യൂണലിന്റെ വിധി.
1904ലാണ് കുനിങ്ങാരത്ത് അമ്മദ് എന്ന വ്യക്തി നെരയങ്കോട്ട് പള്ളി നിർമിക്കുന്നതും ഭൂമി വഖഫ് ചെയ്യുന്നതും. 1932ല്‍ കുനിങ്ങാരത്ത് അമ്മദിന്റെ സഹോദരിയുടെ മകന്‍ മൂലന്തേരി സൂപ്പി 18 ഏക്കർ ഭൂമി കൂടി വഖഫാക്കി. മേപ്പാട്ട് കുടുംബാംഗങ്ങള്‍ മുതവല്ലികളായി പള്ളിയും അനുബന്ധ ഭൂമിയും സംരക്ഷിച്ചു പോരുകയായിരുന്നു.
എന്നാല്‍, നിലവിലെ ഭരണസമിതി തലവന്‍ നെല്ലിയുള്ളതില്‍ ഷരീഫ് നിയപ്രകാരമുള്ള മുതവല്ലിയല്ലെന്നും പലഘട്ടങ്ങളിലായി വഖഫ് ഭൂമി അന്യാധീനപ്പെട്ടെന്നുമാണ് മേപ്പാട്ട് കുടുംബാംഗങ്ങളുടെ പരാതി. ഇതിനെതിരെ വഖഫ് ബോർഡിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിർദേശ പ്രകാരം വഖഫ് ട്രൈബ്യൂണലില്‍ ഹരജി നൽകുന്നത്. പരാതിക്കാർ നൽകിയ രേഖകള്‍ പരിഗണിച്ച് അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനും വഖഫ് ചെയ്തയാളുടെ നിയമപരമായി പിന്മാഗിമെയ മുതവല്ലിയാക്കാനും വഖഫ് ബോർഡിനെ ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തി.
1904 മുതലുള്ള ഭൂമിയുടെ രേഖകളും മേപ്പാട്ട് കുടുംബത്തിന്റെ പിന്തുടർച്ചാ പട്ടികയും കുടുംബാംഗങ്ങള്‍ വഖഫ് ബോർഡില്‍ സമർപ്പിക്കും. ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ അതിവേഗം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേപ്പാട്ട് കുടുംബാംഗങ്ങള്‍.
Adjust Story Font
16