Quantcast

ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തരുതെന്ന് വീണാ ജോര്‍ജ്; ഇകഴ്ത്തി എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

കോവിഡ് മരണം കുറച്ച് കാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണാ ജോര്‍ജ്

MediaOne Logo

Web Desk

  • Updated:

    2021-06-02 05:15:33.0

Published:

2 Jun 2021 5:08 AM GMT

ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തരുതെന്ന് വീണാ ജോര്‍ജ്; ഇകഴ്ത്തി എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം
X

കോവിഡ് വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആരോഗ്യ പ്രവർത്തകരെ പ്രതിപക്ഷം ഇകഴ്ത്തരുതെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ പ്രസ്താവനയിലാണ് പ്രതിഷേധം. സർക്കാരിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തി എന്ന വാക്ക് മന്ത്രി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കോവിഡ് രണ്ടാം തരംഗം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന എം കെ മുനീറിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിടെയായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമർശം. കോവിഡ് മരണം കുറച്ച് കാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

കേരളം സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലെന്ന് വീണാ ജോര്‍ജ്

കോവിഡ് രണ്ടാം തരംഗത്തിൽ അനിയന്ത്രിതമായ രീതിയിൽ മരണ സംഖ്യ ഉയരുന്നുവെന്നും വാക്സിൻ ലഭ്യതയുടെ അപര്യാപ്തത മൂലം ഗുരുതര സാഹചര്യം നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എം കെ മുനീര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോവിഡിനെ പ്രതിരോധിക്കാൻ കേരളം സ്വീകരിച്ചത് ശാസ്ത്രീയമായ ഇടപെടലാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിൽ ഇതുവരെ 25,26,579 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 9009 കോവിഡ് മരണങ്ങൾ കേരളത്തിൽ ഉണ്ടായി. മെഡിക്കൽ കപ്പാസിറ്റി വർധിപ്പിച്ചത് മരണനിരക്ക് കുറച്ചു. കേരളം ഒറ്റക്കെട്ടായിയാണ് കോവിഡിനെ നേരിട്ടത്. ഒരു കോടി ഇരുപതിനായിരത്തി തൊള്ളായിരത്തി മുപ്പത് വാക്സിൻ ഡോസുകള്‍ ഇതുവരെ നൽകിയെന്നും മന്ത്രി പറഞ്ഞു.

പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ തുരങ്കം വെയ്ക്കുകയാണെന്ന് പറയരുത്: എം കെ മുനീര്‍

കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷ പിന്തുണ ഉണ്ടാകുമെന്ന് എം കെ മുനീര്‍ മറുപടി പറഞ്ഞു. ചില പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ മറ്റൊരു തരത്തിൽ കാണരുത്. കോവിഡ് പ്രവർത്തനത്തെ തുരങ്കം വയ്ക്കാനാണെന്ന് പറയരുത്. രണ്ടാം തരംഗത്തിൽ അപകടകരമായ അവസ്ഥയാണ്. ഏത് വകഭേദം കാരണമാണ് മരണമെന്ന് കണ്ടെത്താൻ പരിശോധന നടക്കുന്നുണ്ടോയെന്ന് എം കെ മുനീര്‍ ചോദിച്ചു. ഇരട്ട മ്യൂട്ടേഷൻ ഉള്ള ഇന്ത്യൻ വകഭേദം ശ്വാസകോശങ്ങളെ വല്ലാതെ ബാധിക്കുന്നു. മൂന്നാം തരംഗത്തിൽ കുട്ടികളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. വെന്‍റിലേറ്ററും കൂടുതൽ സൗകര്യങ്ങളും ഒരുക്കണം. ഇക്കാര്യത്തില്‍ ഭരണപക്ഷം പറയുന്ന എന്ത് കാര്യം ചെയ്യാനും പ്രതിപക്ഷം കൂടെയുണ്ടാകുമെന്നും എം കെ മുനീര്‍ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തെ ചൊല്ലി പ്രതിപക്ഷ ബഹളം

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമാണ് കോവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതെന്ന് മന്ത്രി പ്രതികരിച്ചു. കോവിഡ് രണ്ടാം തരംഗം ഏപ്രിൽ മാസം പകുതിയോടെയാണ് ആരംഭിച്ചത്. മരണ നിരക്ക് കുറയ്ക്കാനാണ് പരമാവധി ശ്രമിച്ചത്. ആരോഗ്യ സംവിധാനങ്ങൾ കൂട്ടാനാണ് ശ്രമിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങൾ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ആരോഗ്യ പ്രവർത്തകരെ പ്രതിപക്ഷം ഇകഴ്ത്തി എന്ന വാക്ക് മന്ത്രി പിൻവലിക്കണമെന്നും എം കെ മുനീർ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

പിന്തുണ നൽകിയിട്ടും മന്ത്രിക്ക് പുല്ലുവില: പി കെ കുഞ്ഞാലിക്കുട്ടി

എം കെ മുനീർ ഡോക്ടർ എന്ന നിലയിൽ കൂടിയത് സംസാരിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന് പിന്തുണ നൽകിയിട്ടും മന്ത്രിക്ക് പുല്ലുവില. പ്രതിപക്ഷ സഹകരണം വേണ്ട എന്നാണോ? ജനങ്ങളെ കരുതി പ്രതിപക്ഷം സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് മരണം: പ്രോട്ടോക്കോൾ മാറ്റണമെന്ന് വി ഡി സതീശന്‍

ജനങ്ങൾ ആശങ്കയിലാണെന്നും ജനപ്രതിനിധികൾ ഇടപെട്ടിട്ട് പോലും ആശുപത്രികളിൽ സൗകര്യം കിട്ടുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു കുട്ടി പോലും സൗകര്യം കിട്ടാതെ മരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മരണ നിരക്ക് കൂടി എന്ന് പറഞ്ഞത് സർക്കാരിനെ അപമാനിക്കാനല്ല. മരണ നിരക്ക് കുറച്ച് കാണിച്ചാൽ കുടുംബങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത അവസ്ഥ വരും. ഐസിഎംആറിന്‍റെ മാർഗനിർദേശം വെച്ചാണോ മരണ നിരക്ക് കണക്ക് കൂട്ടുന്നത്? കോവിഡ് മരണം സ്ഥിരീകരണത്തിനുള്ള പ്രോട്ടോക്കോൾ മാറ്റണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story