Quantcast

വാർഡ് വിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; തീരുമാനം വൈകിയേക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഗവർണർ ഒപ്പ് വച്ചിരുന്നില്ല

MediaOne Logo

Web Desk

  • Published:

    23 May 2024 9:26 AM GMT

Ward Division,Ward Division Ordinance,Central Election Commission,kerala Ward Division,latest malayalam news,വാര്‍ഡ് വിഭജനം,തദ്ദേശവാര്‍ഡ് വിഭജനം
X

തിരുവനന്തപുരം: സംസ്ഥാനത്തെ വാർഡ് വിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചിരുന്നില്ല. തുടർന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഓർഡിനൻസിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വൈകാൻ സാധ്യതയുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഓർഡിനൻസ് കൈമാറിയത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ഇത് മടക്കിയതോടെ സർക്കാർ വെട്ടിലായി. ജൂൺ 10ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവില്‍ ഉള്ളത്. പുതിയ ഓർഡിനന്‍സ് പ്രകാരം 1300 വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്. നഗരസഭകളിലെ വാർഡുകളുടെ എണ്ണം 3078 ല്‍ നിന്ന് 3205 ആയേക്കും. നഗരസഭകളിലെ വാർഡുകളുടെ എണ്ണം കുറഞ്ഞത് 25 ല്‍ നിന്ന് 26 ആയേക്കും. പരമാവധി 52 ല്‍ നിന്ന് 53 ആയും വർധിക്കും.കോർപ്പറേഷനുകളിലേത് കുറഞ്ഞത് 55 ല്‍ നിന്ന് 56 ആയും പരമാവധി 100 ല്‍ നിന്ന് 101 ആയും വർധിക്കും.

ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ 2080 ഡിവിഷനുകളുണ്ട്.187 പുതിയതായി ഉണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ 3311 ഡിവിഷനുകളുള്ളതില്‍ 15 എണ്ണം കൂടി വർധിക്കും. വാർഡ് പുനർനിർണ്ണയത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായ കമ്മീഷന്‍ രൂപീകരിക്കും.അതില്‍ നാല് വകുപ്പിന്‍റെ സെക്രട്ടറിമാർ ഉണ്ടാകും. ജനസംഖ്യാനുപാതികമായി വാർഡ് വിഭജിച്ച ശേഷം പരാതികള്‍ കമ്മീഷന്‍ കേള്‍ക്കും.അതിന് ശേഷമായിരിക്കും വാർഡ് വിഭജനം പൂർത്തിയാക്കുക.

വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. പുതിയ അംഗങ്ങള്‍ കൂടി വരുന്നതോടെ ഇവർക്ക് ഓണറേറിയം നല്‍കാന്‍ അഞ്ച് വർഷത്തേക്ക് 67 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.വാർഡ് വിഭജനത്തിനായി 2019 ഓർഡിനന്‍സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.പിന്നീട് നിയമസഭ ബില്‍ പാസാക്കി. അതിന് പിന്നാലെ കോവിഡ് വന്നതോടെ വാർഡ് വിഭജനം ഒഴിവാക്കി.ആ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വാർഡ് വിഭജനം.



TAGS :

Next Story