Quantcast

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

ചില മാനേജർമാർ യോഗ്യതയില്ലാത്തവരെ നിയമിച്ചതിനാലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    22 March 2025 7:04 AM

Published:

22 March 2025 4:03 AM

K TET
X

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ്. 2019- 20 അധ്യയന വർഷത്തിനുശേഷം കെ- ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയവർക്കെതിരെയാണ് നടപടി. ചട്ടവിരുദ്ധമായി നിയമനം നൽകിയ സ്കൂൾ മാനേജർമാരെ അയോഗ്യരാക്കാനും തീരുമാനം.

കെ-ടെറ്റ് യോഗ്യതയുള്ള വരെ മാത്രമേ 2019 20 വർഷത്തിനുശേഷം എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികളിൽ നിയമിക്കാൻ പാടുള്ളൂ എന്ന് സർക്കാർ ഉത്തരവ് ഉണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി മാനേജർമാർ നിയമനം നടത്തുന്നു എന്ന് കണ്ടെത്തിയതോടെയാണ് പുതിയ സർക്കുലർ. കെ-ടെറ്റ് ഉള്ളവർക്കു മാത്രമേ സ്ഥാനക്കയറ്റം നൽകാവൂവെന്ന നിർദേശം പാലിക്കാത്തവർക്ക് അവർ കെ-ടെറ്റ് പാസായ തിയതി മുതൽ മാത്രമുള്ള സ്ഥാനക്കയറ്റം മാത്രമേ അംഗീകരിക്കാവൂ എന്നും നിർദേശത്തിലുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 2012 ജൂൺ ഒന്നു മുതൽ 2019-20 അധ്യയനവർഷം വരെ നിയമിതരായ അധ്യാപകരിൽ കെ-ടെറ്റ് ഇല്ലാത്തവർക്ക് അത് നേടാൻ 2020-21 അധ്യയനവർഷംവരെ സമയം നൽകിയിരുന്നു.

എന്നിട്ട് യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയിൽ പ്രത്യേക പരീക്ഷ നടത്തി. ഇങ്ങനെ യോഗ്യത നേടിയെടുക്കാൻ പത്തിൽ കുറയാത്ത അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. എന്നിട്ടും ചട്ടവിരുദ്ധമായി അധ്യാപകനിയമനം നടക്കുന്നതിനാലാണ് വിദ്യാഭ്യാസ വകുപ്പ് വടിയെടുത്തത്. യോഗ്യതയുള്ള അധ്യാപകരെ ലഭിക്കുന്നതിനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതിനാൽ കെ-ടെറ്റ് ഇല്ലാത്തവരെ ഉടൻ സർവീസിൽ നിന്നൊഴിവാക്കാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഉത്തരവുകൾക്ക് വിരുദ്ധമായി നിയമനം നടത്തുന്ന മാനേജർമാരെ അയോഗ്യരാക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ നടപടി സ്വീകരിക്കണമെന്നും പുതിയ സർക്കുലറിൽ ഉണ്ട്.


TAGS :

Next Story