ആവിക്കൽ തോടിലെ മലിനജല പ്ലാന്‍റ്; നിർമാണവുമായി മുന്നോട്ട് പോകാന്‍ കോര്‍പ്പറേഷന്‍
ആവിക്കൽ പ്ലാന്റിന്റെ വിശദമായ പദ്ധതി രേഖ രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് മേയർ രേഖ ഫിലിപ്പ് പറഞ്ഞു.
കോഴിക്കോട്: കോതിയിലെയും ആവിക്കൽ തോടിലെയും മലിനജല പ്ലാന്റുകളുടെ എസ്റ്റിമേറ്റ് തുക വർധിപ്പിക്കുവാനും നിർമാണ കാലാവധി നീട്ടിച്ചോദിക്കുവാനും കോഴിക്കോട് കോർപറേഷൻ. സർക്കാറിനോട് ഇക്കാര്യം ശുപാർശ ചെയ്യാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ആവിക്കൽ പ്ലാന്റിന്റെ വിശദമായ പദ്ധതി രേഖ രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് മേയർ രേഖ ഫിലിപ്പ് പറഞ്ഞു.
മാലിന്യ പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമായതോടെ ആവിക്കലിലും കോതിയിലും പ്ലാന്റ് നിർമാണം തുടങ്ങാനായിട്ടില്ല. അതിനാൽ നിർമാണത്തിനായി കാലാവധി നീട്ടിനൽകണം. എസ്റ്റിമേറ്റ് തുകയും വർധിപ്പിക്കണം. ഇതാണ് പ്ലാന്റ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനികളുടെ ആവശ്യം. ഇത് പരിഗണിച്ച് കാലാവധി നീട്ടാനും തുക വര്ധിപ്പിക്കാനുമായി സർക്കാറിനോട് ആവശ്യപ്പെടാനാണ് ഇന്നലെ ചേർന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചത്.
പുതുക്കിയ പദ്ധതി രേഖ ലഭിച്ചാലുടൻ പ്ലാന്റിന്റെ നിർമാണം തുടങ്ങാനാണ് കോർപറേഷന്റെ തീരുമാനം. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയ ഏജൻസിക്ക് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചു. ഇതിന് മേയർ അനുമതി നിഷേധിച്ചതോടെ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായി.
Adjust Story Font
16