ഇന്ധന ടാങ്കിൽ വെള്ളം കയറി; ഗുരുവായൂരിൽ കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പ് പൂട്ടി
പമ്പിൽ നിന്ന് ഇന്ധനം നിറച്ച പല വാഹനങ്ങളും പലയിടത്തായി റോഡിൽ കുടുങ്ങി
തൃശൂർ: ഗുരുവായൂരിൽ ഗുരുവായൂരിൽ കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ച കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പ് പൂട്ടി. ടാങ്കിൽ വെള്ളം കയറിയതിനെ തുടർന്നാണ് പമ്പ് തത്കാലികമായി പൂട്ടിയത്. ഇന്ധനത്തിൽ വെള്ളം കലർന്നിട്ടുണ്ടെന്ന് വാഹന ഉടമകൾ പരാതി ഉന്നയിച്ചിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഈ മാസം മൂന്നിന്നാണ് യാത്ര ഫ്യൂവൽസ് എന്ന പുതിയ പെട്രോൾ പമ്പ് ഔട്ട് ലെറ്റ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് 10 ദിവസം പോലും തികക്കാതെ അടച്ചു പൂട്ടേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട് സ്വദേശിയുടെ കാർ പെട്രോൾ അടിക്കാൻ പമ്പിൽ കയറ്റി. എണ്ണയടിച്ച് പമ്പിൽ നിന്ന് റോഡിലേക്ക് ഇറക്കുന്നതിനു മുമ്പ് കാർ ഓഫായി. തുടർന്ന് മെക്കാനിക്ക് നടത്തിയ പരിശോധനയിലാണ് പെട്രോളിൽ വെള്ളം കലർന്നുവെന്ന് കണ്ടെത്തിയത്. ഉടൻ പമ്പിൽ വിവരം അറിയിച്ചതോടെ കെ.എസ്.ആർ.ടി.സിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
പമ്പിൽ നിന്ന് ഇന്ധനം നിറച്ച പല വാഹനങ്ങളും പലയിടത്തായി റോഡിൽ കുടുങ്ങി. തുടര്‍ന്നാണ് പമ്പ് അടച്ചത്. കെ.എസ്.ആർ.ടി.സിയുടെ ഗുരുവായൂർ ഡിപ്പോയോട് ചേർന്ന സ്ഥലത്താണ് പെട്രോൾ പമ്പ് സ്ഥാപിച്ചത്. പമ്പ് നിർമ്മാണം ഇന്ത്യൻ ഓയിൽ കോർപറേഷനായിരുന്നു എന്നും അവരാണ് പമ്പിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയതെന്നുമാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ വിശദീകരണം.
Adjust Story Font
16