പോക്‌സോ കേസ് ഇരയെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം
ഊട്ടിയിലെ തെളിവെടുപ്പിനിടെ എ.എസ്.ഐ മകളുടെ കയ്യിൽ കയറിപ്പിടിച്ചു . സംഭവം പുറത്തു പറയരുതെന്ന് പൊലീസ് മകളോട് ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ അച്ഛൻ
അമ്പലവയല്‍: വയനാട് അമ്പലവയല്‍ പോക്സോ കേസ് ഇരയെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം. ഊട്ടിയിലെ തെളിവെടുപ്പിനിടെ എ.എസ്.ഐ മകളുടെ കയ്യില്‍ കയറിപ്പിടിച്ചു . സംഭവം പുറത്തുപറയരുതെന്ന് പൊലീസ് മകളോട് ആവശ്യപ്പെട്ടെന്നും പെൺകുട്ടിയുടെ അച്ഛൻ മീഡിയവണിനോട് പറഞ്ഞു.
''ഈ അന്വേഷണത്തിൽ വിശ്വാസമില്ല, ആദിവാസികളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്, വിദ്യാഭ്യാസമില്ല, വിവരമില്ല എന്നൊക്കെയാണ് അവരുടെ ചിന്താഗതി, പൊലീസ് വീട്ടിലേക്ക് വന്നിട്ടില്ല, ഒപ്പിടാനാണെന്ന് പറഞ്ഞ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, അവിടെ ചെന്നപ്പോൾ ഒന്നും ചെയ്യിക്കാതെ പറഞ്ഞയച്ചു''- പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.
അമ്പലവയൽ എ.എസ്.ഐ, ടി.ജെ ബാബുവിനെതിരെയാണ് കേസ്. സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വയനാട് അമ്പലവയൽ സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്ഐയാണ് ടി ജി ബാബു. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായരാണ് നടപടിയെടുത്തത്.
എഎസ്‌ഐക്കെതിരെ പോക്‌സോ കേസും രജിസ്‌റ്റർ ചെയ്‌തിരുന്നു. പതിനേഴുകാരിയായ അതിജീവിതയെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16