വയനാട് കാളാങ്കോട് കോളനിയിലെ ബിനുവിന്റെ മരണം; സഹോദരി ഭർത്താവ് അറസ്റ്റിൽ
വിറക് കൊള്ളികൊണ്ട് തലക്ക് അടിയേറ്റതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
വയനാട്: തിരുനെല്ലിയിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി ഭർത്താവ് അറസ്റ്റിൽ. പോത്തുമൂല എമ്മടി വിപിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വാക്കുതർക്കത്തിനിടെ മർദനമേറ്റ കാളാങ്കോട് കോളനിയിലെ ബിനു എന്ന കുട്ടൻ ഇന്നലെ രാവിലെയാണ് മരിച്ചത്.
തിരുനെല്ലി കാളാങ്കോട് കോളനിയിലെ മാരയുടെ മകനാണ് ബിനു. വ്യാഴാഴ്ച രാത്രി കോളനിയിൽ മദ്യപിച്ചെത്തിയ ബിനുവും കോളനിയിലെ ചിലരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇവർ പോയ ശേഷം രാത്രി 11 മണിയോടെ സഹോദരീ ഭർത്താവ് വിപിനും ബിനുവും തമ്മിൽ അടിയുണ്ടായി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
വിറക് കൊള്ളികൊണ്ട് തലക്ക് അടിയേറ്റതാണ് മരണകാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിനുവിന്റെ അമ്മയുടെ പരാതിയിൽ കോളനിവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തിരുനെല്ലി സി ഐ ഷൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി വിപിനാണ് എന്ന് കണ്ടെത്തിയത്.
Adjust Story Font
16