മേപ്പാടിയിൽ ഭക്ഷ്യക്കിറ്റിൽ പുഴു: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്‌തോ എന്ന് പരിശോധിക്കാൻ ഭക്ഷ്യവകുപ്പിനു നിർദേശം നൽകി
കൽപറ്റ: മേപ്പാടിയിലെ ദുരന്തബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് ജില്ലാ കലക്ടർ. പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്‌തോ എന്നു പരിശോധിക്കാൻ കലക്ടർ മേഘശ്രീ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
മേപ്പാടിയിൽ ദുരന്തബാധിതർക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കലക്ടർ മേഘശ്രീ അറിയിച്ചു. അഡ്വ. ടി. സിദ്ദീഖ് എംഎൽഎ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനു മുൻപ് തദ്ദേശസ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്തണം. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
Summary: Wayanad District Collector Meghashree orders inquiry into the distribution of stale food items to disaster victims in Meppadi.
Adjust Story Font
16