Quantcast

‘വയനാട്ടിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം തടഞ്ഞു’; എഡിജിപി അജിത് കുമാറിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി

‘മന്ത്രി കെ. രാജൻ ഇല്ലാത്ത ദിവസം നോക്കിയാണ് ഭക്ഷണവിതരണത്തിൽ ഇടപെട്ടത്’

MediaOne Logo

Web Desk

  • Updated:

    2024-09-03 12:16:32.0

Published:

3 Sep 2024 12:05 PM GMT

adgp ajith kumar and cpi
X

കൽപറ്റ: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ എഡിജിപി അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നുവെന്ന് ഇ.ജെ. ബാബു പറഞ്ഞു. സന്നദ്ധ സംഘടനകൾ നൽകിയിരുന്ന ഭക്ഷണം പൊലീസ് ഇടപെട്ട് തടഞ്ഞു. റവന്യു മന്ത്രി കെ. രാജൻ ഇല്ലാത്ത ദിവസം നോക്കി ഭക്ഷണവിതരണത്തിൽ ഇടപെടുകയായിരുന്നു. ജനങ്ങളെ സർക്കാരിനെതിരെയാക്കാൻ ശ്രമം നടത്തി. സെൻസിറ്റീവായ വിഷയത്തിൽ എഡിജിപി സർക്കാരിനെതിരെ അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും ഇ.ജെ. ബാബു കൂട്ടിച്ചേർത്തു.

മുസ്‍ലിം ലീഗിന് കീഴിലെ വൈറ്റ് ഗാർഡ് മേപ്പാടി കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര പൊലീസ് നിർത്തിവെപ്പിച്ചത് വലിയ വിവാദമായിരുന്നു. ഭക്ഷണ വിതരണം നിർത്തിയതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കടക്കം ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. രക്ഷാപ്രവർത്തകരും യൂത്ത് ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രം​ഗത്തെത്തുകയും സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചിരുന്നു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞിരുന്നു.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ഈ ഊട്ടുപുരയിൽ നിന്ന് നാലു ദിവസം സൗജന്യമായി ഭക്ഷണം ലഭിച്ചിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ഊട്ടുപുര പൂട്ടേണ്ടിവന്നത് ചൂണ്ടിക്കാട്ടി സംഘാടകർ ഫ്ലക്സ് കെട്ടിയതിനെതുടർന്ന് സംഭവം വാർത്തയാവുകയായിരുന്നു.

TAGS :

Next Story