വയനാട് ദുരന്തം: മൃഗസംരക്ഷണ മേഖലയിൽ 2.5 കോടിയുടെ നഷ്ടം
ദുരന്തമുഖത്ത് അവശേഷിക്കുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളൊരുക്കും
മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവൻ നഷ്ടമായ വളർത്തു മൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്.
ശനിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 26 പശുക്കളും ഏഴു കിടാവുകളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകൾ നശിച്ചു. ഒഴുക്കിൽപ്പെട്ടും മണ്ണിനടിയിൽപ്പെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രക്ഷാപ്രവർത്തന സംഘം സന്ദർശിക്കുകയും 20 മൃഗങ്ങൾക്ക് ആവശ്യമായ തീറ്റയും ചികിത്സയും നൽകുകയും ചെയ്തിരുന്നു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.
Adjust Story Font
16