ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നാട്; മന്ത്രിമാർ വയനാട്ടിലേക്ക്
മന്ത്രിമാരായ എ.കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനുമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കാനായി വയനാട്ടിലെത്തുന്നത്
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെത്തും. മന്ത്രിമാരായ എ.കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനുമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കാനായി വയനാട്ടിലെത്തുന്നത്. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്‌ന്റെ 2 സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരും. വായുസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നിന്ന് അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ വയനാട്ടിലെത്തിയിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ മലപ്പുറം പോത്ത് കല്ല് കുനിപ്പാലയിൽ ചാലിയാർ പുഴയിലൂടെ ഒഴികിവന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് വലിയ തോതിൽ ചാലിയാറിൽ വെള്ളം ഉയർന്നിരുന്നു.
Adjust Story Font
16