"ചെറിയ മക്കളാണ് കൂടുതലും ഉണ്ടായിരുന്നത്, കൺമുന്നിൽ കൈവീശി കാണിച്ചവർ മരിച്ചുപോകുന്നതാണ് കാണുന്നത്"
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന്‍റെ തൊട്ടടുത്തായിരുന്നു വീടെന്നും വെള്ളം കൂടിയപ്പോള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതാണെന്നും ഒരു നാട്ടുകാരന്‍ പറയുന്നു
വയനാട്: മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ 94 മൃതദേഹങ്ങളാണുള്ളത്. 11 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തി മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന്‍റെ തൊട്ടടുത്തായിരുന്നു വീടെന്നും വെള്ളം കൂടിയപ്പോള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതാണെന്നും ഒരു നാട്ടുകാരന്‍ പറയുന്നു. ''ആ ഭാഗത്തു നിന്നും മിക്കയാളുകളും ഇങ്ങനെ മാറിയിട്ടുണ്ട്. അവിടെയുള്ളവരെല്ലാം ഞങ്ങളുടെ ബന്ധുക്കളാണ്. ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇതുവരെയും ദുരന്തസ്ഥലത്തേക്ക് നേരിട്ട് പോയിട്ടില്ല, അങ്ങോട്ട് പോകാനുള്ള മാനസികാവസ്ഥയിലല്ല'' .
ഒരു കൂട്ടുകാരന്‍ പുലര്‍ച്ചെ രണ്ടുമണിക്ക് വിളിച്ചപ്പോഴാണ് താന്‍ വിവരം അറിയുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഒരു നാട്ടുകാരന്‍ മീഡിയവണിനോട് പറഞ്ഞു. ''പൊട്ടുന്നുണ്ടെന്ന് മാത്രമാണ് എന്‍റെ കൂട്ടുകാരന്‍ ഫിറോസ് പറഞ്ഞത്. പിന്നെ അവന് വിളിച്ചിട്ട് കിട്ടിയില്ല. ബന്ധപ്പെടാനൊരു വഴിയുമുണ്ടായിരുന്നില്ല. പുഴ കടന്ന് അങ്ങോട്ടെത്തിയപ്പോള്‍ എല്ലാം ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇപ്പോഴും ചെറിയ കുഞ്ഞുങ്ങളടക്കമുള്ളവരെ കിട്ടാനുണ്ട്. ഏതെങ്കിലും മൃതദേഹം വരുമ്പോള്‍ തിരിച്ചറിയാന്‍ പറ്റുമോ എന്നുനോക്കി നില്‍ക്കുകയാണ്'' നാട്ടുകാരന്‍ പറയുന്നു.
Adjust Story Font
16