'താഴെ ബാപ്പയും അനിയനും മരിച്ചുകിടക്കുന്നു; ഒരാള്‍ ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍'
ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നെന്നും മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഒലിച്ചുപോയെന്നുമാണ് റിസോര്‍ട്ടില്‍നിന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്
കല്‍പറ്റ: ''താഴെ ബാപ്പയും അനിയനും മരിച്ചുകിടക്കുകയാണ്. കുട്ടി കുടുങ്ങിക്കിടക്കുകയാണ്. ഒരാള്‍ക്ക് ജീവനുണ്ട്. അവനു പുറത്തുകിടക്കാനാകുന്നില്ല.''
മുണ്ടക്കൈ ടൗണിലെ സുഹൈല്‍ ദുരന്തം നടന്ന വീട്ടിനകത്തുനിന്ന് വേദനയും നിസ്സഹായതയും നിറഞ്ഞ ശബ്ദത്തില്‍ മീഡിയവണിനോട് പറഞ്ഞതാണിത്. വെള്ളം കുത്തിയൊലിച്ച് സുഹൈലിന്റെ വീടിലുമെത്തി. മരവും മണ്ണും ചെളിയും കെട്ടിടാവശിഷ്ടങ്ങളുമെല്ലാം അടിച്ചുകൂടി വന്‍ ദുരന്തമാണ് വീടിനകത്തുണ്ടായത്. അപകടത്തില്‍ പിതാവും സഹോദരനും മരിച്ചെന്നാണ് സുഹൈല്‍ വെളിപ്പെടുത്തിയത്.
''ഞങ്ങള്‍ മുകളിലത്തെ നിലയിലും അവര്‍ താഴേയുമാണുള്ളത്. നിരവധി പേരെ വിളിച്ചിട്ടും ആരും ഇതുവരെ വന്നുനോക്കിയില്ല. ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം.''-സുഹൈല്‍ അഭ്യര്‍ഥിച്ചു.
മണ്ണും വെള്ളവും മരവുമെല്ലാം വീടിനകത്തു അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഒരു സഹോദരന്‍ ജീവനോടെ അകത്ത് കുടുങ്ങിക്കിടക്കുന്നു. വീടിന്റെ ബീമ് ഒക്കെ വന്നാണ് വീട്ടില്‍ അടിഞ്ഞിരിക്കുന്നത്. അതിനകത്താണ് അനിയന്‍ കുടുങ്ങിക്കിടക്കുന്നത്. രാവിലെ ആറു മണി മുതല്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയതാണ്. പലരെയും വിളിച്ചിട്ടും ഇതുവരെയും ഒരാളും തിരിഞ്ഞുനോക്കിയില്ലെന്ന് സുഹൈല്‍ പറഞ്ഞു.
മുണ്ടക്കൈയിലെ തന്നെ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലേറെ പേര്‍ റിസോര്‍ട്ടില്‍ അഭയം തേടിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഒറ്റപ്പെട്ട വീട്ടിലും നിരവധി പേരുണ്ട്. ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നിരിക്കുകയാണെന്നും മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ടെന്നുമാണ് റിസോര്‍ട്ടില്‍നിന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്.
Summary: Wayanad Mundakkai landslide live updates
Adjust Story Font
16