Quantcast

'കൈ, കാല്‍ എന്നിങ്ങനെ മൃതദേഹാവശിഷ്ടങ്ങളാണ് കൂടുതലും; തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്'

''എന്റെ വീട് പൂര്‍ണമായി തകര്‍ന്നു. 'ബാക്കിയുള്ള കൂട്ടുകാരും ബന്ധുക്കളുമെല്ലാം പോയി. കൂട്ടുകാരെ ആരെയും കിട്ടിയിട്ടില്ല.''

MediaOne Logo

Web Desk

  • Updated:

    2024-08-03 01:39:55.0

Published:

3 Aug 2024 1:37 AM GMT

കൈ, കാല്‍ എന്നിങ്ങനെ മൃതദേഹാവശിഷ്ടങ്ങളാണ് കൂടുതലും; തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്
X

കല്‍പറ്റ: മേപ്പാടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എട്ടു മൃതദേഹങ്ങള്‍ അവകാശികളെ കാത്തിരിക്കുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍നിന്നെല്ലാം ബന്ധുക്കള്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍, ഇനിയും തിരിച്ചറിയാത്തവരും ബന്ധുക്കള്‍ എത്താത്തവരുമാണ് ഇനിയും ബാക്കിയുള്ളത്.

എന്നാല്‍, ഒരു നിലയ്ക്കും തിരിച്ചറിയാനാകാതെ കിടക്കുന്ന ശരീരാവയവങ്ങളാണു കൂടുതലും ഇവിടെയുള്ളതെന്ന് പ്രദേശവാസിയായ സിക്കന്ദര്‍ മീഡിയവണിനോട് പറഞ്ഞു. ആളുകള്‍ എത്തുമ്പോള്‍ അവരെ തിരിച്ചറിയാന്‍ സഹായിക്കാനായി സ്വയം സന്നദ്ധനായി ആരോഗ്യ കേന്ദ്രത്തില്‍ നില്‍ക്കുകയാണ് യുവാവ് ഇപ്പോള്‍. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഒരുപാടുണ്ട്. കൈ, കാല്‍, ആന്തരികാവയവങ്ങള്‍ ഇങ്ങനെയൊക്കെയാണുള്ളത്. ആദ്യത്തെ രണ്ടു ദിവസമേ മുഖം നോക്കി തിരിച്ചറിയാനാകൂ. അതുകഴിഞ്ഞാല്‍ ഒന്നും അറിയാനാകില്ലെന്നും യുവാവ് പറയുന്നു.

ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഒരു മണിയെങ്ങാനും ആയിട്ടുണ്ടാകും. രണ്ടാമതും പൊട്ടിയപ്പോള്‍ ഞങ്ങള്‍ ചൂരല്‍മലയിലുണ്ടായിരുന്നു. അതിനിടയില്‍ ഒരുപാടുപേര്‍ രക്ഷപ്പെട്ടിരുന്നു. രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ചൂരല്‍മല ഒന്നാകെ കൊണ്ടുപോയി. രക്ഷിക്കാനായവരെയെല്ലാം രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്റെ വീട് പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ ക്യാംപിലാണുള്ളത്. ബാക്കിയുള്ള കൂട്ടുകാരും ബന്ധുക്കളുമെല്ലാം പോയി. കൂട്ടുകാരെ ആരെയും കിട്ടിയിട്ടില്ല. കൂട്ടുകാരും ബന്ധുക്കളുമായി തന്നെ പത്തുമുപ്പതു പേരെ കിട്ടാനുണ്ട്. ആരെയും തിരിച്ചുകിട്ടിയിട്ടില്ല.

ചൂരല്‍മല സ്‌കൂള്‍ പരിസരത്തായിരുന്നു ആദ്യം താമസിച്ചിരുന്നു. പിന്നീട് അവിടെനിന്നു മാറി. തറവാടൊക്കെ ചൂരല്‍മലയിലായിരുന്നു ഉണ്ടായത്. തറവാട് പൂര്‍ണമായും നശിച്ചതായി സിക്കന്ദര്‍ കൂട്ടിച്ചേര്‍ത്തു.

കല്‍പറ്റയില്‍ കോഴിക്കടയിലാണു സിക്കന്ദര്‍ ജോലി ചെയ്യുന്നത്.

Summary: 8 dead bodies and the rest of the body parts are yet to be identified, at the family health center in Meppadi, Wayanad

TAGS :

Next Story