Quantcast

വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദ്ദിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

അപർണ ഗൗരിക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായിരുന്നു

MediaOne Logo

Web Desk

  • Published:

    9 Dec 2022 9:32 AM GMT

വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദ്ദിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
X

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ ജില്ലാ ജോ.സെക്രട്ടറി അപർണ ഗൗരിയെ മർദ്ദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മേപ്പാടി പോളിടെക്നിക് മൂന്നാം വർഷ വിദ്യാർത്ഥി ആദർശ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

അതേസമയം, പോളിടെക്നിക്ക് സംഘർഷം നിയമസഭയിലും ഉയർന്നു. അപർണ ഗൗരിക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി. ലഹരി ഉപയോഗത്തിന് സസ്‌പെൻഡ് ചെയ്തത് എസ്.എഫ് ഐ നേതാവിനെയാണ് എന്ന് വി.ഡി സതീശൻ പറഞ്ഞതോടെയാണ് സഭയിൽ ബഹളം രൂക്ഷമായത്. പെൺകുട്ടിയ അക്രമിച്ച കേസുകളിലെ പ്രതികൾ തന്നെയാണ് എം.എസ്.എഫ് കൊടിമരം തകർത്ത കേസിലേയും പ്രതികൾ. 'എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട വിഷ്ണു .കൊച്ചിയിൽ ലഹരിക്കെതിരായി ഡി വൈ എഫ് ഐ ഫുട്‌ബോൾ ടൂർണമെന്റ് സ്‌പോൺസർ ചെയ്തയാൾ ലഹരി കേസിൽ ജയിലിലാണെന്നും സതീശൻ പറഞ്ഞു.

പരാമർശം പിൻവലിക്കണമെന്ന് ഭരണപക്ഷനേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സതീശൻ തയ്യാറായില്ല. തന്റെ പ്രസംഗം പൂർത്തിയാകാതെ മന്ത്രിമാർ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇതിനെ എതിർത്തു. ആൾക്കൂട്ടം ഉണ്ടാക്കി ബഹളം വെച്ച് സംസാരിക്കാതിരിപ്പിക്കാനാണ് ഭരണപക്ഷ ശ്രമമെന്നും വി.ഡി സതീശൻ പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ വാക്‌പോര് രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ മേപ്പാടി പോളിടെക്നിക്കിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അപർണ ഗൗരിക്ക് പുറമേ മേപ്പാടി ഇന്‍സ്പെക്ടര്‍ എ.ബി. വിമല്‍ അടക്കം എട്ടുപേർക്ക് പരിക്കേറ്റിരുന്നു. കോളേജിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള വിദ്യാർഥികൾ യുഡിഎസ്എഫ് നേതാക്കള്‍ക്കൊപ്പം അപര്‍ണയെ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കോളേജിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരം നൽകിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അപർണ്ണയും പറഞ്ഞിരുന്നു. സംഘർഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

തുടർന്ന്, മേപ്പാടി പോളിടെക്നിക്കിലെ രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളായ വിഷ്ണു, അഭിനവ് എന്നിവർക്കെതിരെയാണ് നടപടി . കോളജിലെ ലഹരിമരുന്നു ഉപയോഗവും സംഘർഷവും അന്വേഷിക്കാൻ പ്രിൻസിപ്പൽ നിയോഗിച്ച അന്വേഷണ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ കമ്മിറ്റി വ്യാഴാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നാം വർഷ വിദ്യാർഥികളായ വിഷ്ണു, അഭിനവ് എന്നിവർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നത് കോളജിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കി എന്നാണ് റിപ്പോർട്ടിലെ പരാമർശം.

കൂടാതെ, മയക്കുമരുന്നുപയോഗിച്ച നാലു‌ വിദ്യാർഥികളെ പുറത്താക്കാനും കോളേജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. മൂന്നാം വർഷ വിദ്യാർഥികളായ കെ ടി അതുൽ‌, കിരൺ രാജ്‌, അലൻ ആന്റണി, മുഹമ്മദ്‌ ഷിബിലി എന്നിവരെയാണ്‌ കോളേജിൽനിന്ന്‌ പുറത്താക്കുക. ഇവർ അപർണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളാണ്‌. നേരത്തേ മേപ്പാടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ഇവർ ജില്ലാ ജയിലിൽ റിമാൻഡിലാണ്‌.

ഇതിനിടെ, കേസിലെ പ്രതി അഭിനവിന് നേരെ ആക്രമണമുണ്ടായിരുന്നു.റിമാന്‍ഡില്‍ കഴിയുന്ന കെഎസ്‌യു പ്രവര്‍ത്തകരുടെ മോട്ടോര്‍ ബൈക്കുകളും ഇന്നലെ പുലര്‍ച്ചെ തീ വെച്ച് നശിപ്പിച്ചിരുന്നു. വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്. മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കെഎസ്‌യു പ്രവർത്തകരുടെ ബൈക്ക് കത്തിച്ചതെന്ന് ആരോപണമുണ്ട്.

തലയ്ക്കും നെഞ്ചത്തും കഴുത്തിനും പരിക്കേറ്റ അപര്‍ണ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

TAGS :

Next Story