വയനാട്ടിലെ നരഭോജി കടുവ: അടിയന്തര പരിഹാരമുണ്ടാകണമെന്ന് വനംവകുപ്പിനോട് മുഖ്യമന്ത്രി
മനുഷ്യജീവന് ആപത്തുണ്ടായാൽ ദുരന്തനിവാരണ നിയമപ്രകാരം ഇടപെടുമെന്ന് മുഖ്യമന്ത്രി വനംവകുപ്പിന് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: വയനാട്ടിലെ നരഭോജി കടുവയുടെ ആക്രമണത്തിൽ അടിയന്തര ഇടപെടലുണ്ടാകണമെന്ന് വനംവകുപ്പിനോട് മുഖ്യമന്ത്രി. ഉന്നതതല യോഗത്തിന് വനംമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും ഇക്കാര്യം അറിയിച്ചു. ദുരന്തര നിവാരണ നിയമപ്രകാരം ഇടപെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മനുഷ്യജീവന് ആപത്തുണ്ടായാൽ മറ്റു നിയമങ്ങളെ ഡിഎംഎ ആക്ട് സെക്ഷൻ 72 പ്രകാരം മറികടക്കാം. ഇക്കാര്യം മുഖ്യമന്ത്രി വനംവകുപ്പിനെ അറിയിച്ചു. ഇതോടെയാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വനംവകുപ്പ് ഉത്തരവിറക്കിയത്.
അതിനിടെ കടുവാഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് എന്നിവടങ്ങളിലാണ് കർഫ്യൂ. കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ജനങ്ങൾ പുറത്തിറങ്ങരുത്. കടകൾ അടച്ചിടണം. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാരവിലക്ക് നിലനിൽക്കും.
Adjust Story Font
16