Quantcast

വയനാട് ദുരന്തം: ഉറ്റവരെ നഷ്ടമായ വേദനയിൽ ബീഹാറിലെ ഭഗവാൻപൂർ ഗ്രാമം

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്കായി കണ്ടുകിട്ടിയെങ്കിൽ എന്ന പ്രാർഥനയിലാണ് കാണാതായവരുടെ ബന്ധുക്കൾ

MediaOne Logo

Web Desk

  • Updated:

    2024-08-11 07:18:35.0

Published:

11 Aug 2024 7:14 AM GMT

വയനാട് ദുരന്തം: ഉറ്റവരെ നഷ്ടമായ വേദനയിൽ ബീഹാറിലെ ഭഗവാൻപൂർ ഗ്രാമം
X

കോഴിക്കോട്/പാറ്റ്‌ന: ഒട്ടേറെ പേരുടെ മരണത്തിനും തിരോധാനത്തിനും കാരണമായ വയനാട് മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ നഷ്ടമായ വേദനയിൽ കഴിയുകയാണ് ബീഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂർ ഗ്രാമം.

മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന ആറു ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മൂന്നുപേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടുമില്ല.

45 വയസ്സുകാരി ഫൂൽകുമാരി ദേവിയുടെ മൃതശരീരമാണ് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തത്. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപെട്ട് ഇപ്പോൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സാദു പാസ്വാൻ(47), രഞ്ജിത് കുമാർ(22), ബിജിനസ് പാസ്വാൻ(40) എന്നീ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

മരണപ്പെട്ട ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ മുഖേനയാണ് ദുരന്തവിവരം ഗ്രാമവാസികൾ അറിയുന്നത്. ഭാഷ തടസ്സമായതിനാലും പ്രദേശത്ത് ദുരന്തസാഹചര്യം നിലനിന്നിരുന്നതിനാലും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പുവരുത്താനും കാണാതായ ബന്ധുക്കളെ തിരയാനും മരണപ്പെട്ട അമ്മയുടെ അന്ത്യകർമങ്ങൾക്കായി സ്വദേശത്തേക്ക് മടങ്ങാനും രോസൻ കുമാറിന് യാതൊരു നിർവാഹവുമില്ലായിരുന്നു. ജീവിതാവസാനം സ്വദേശത്തേക്ക് മടങ്ങണമെന്ന അമ്മയുടെ ആഗ്രഹം പൊലിഞ്ഞെങ്കിലും അന്ത്യകർമങ്ങൾ എങ്കിലും നാട്ടിലാക്കണമെന്ന ചിന്തയിലായിരുന്നു അദ്ദേഹം. എന്നാൽ കയ്യിലുള്ള സമ്പാദ്യവും വസ്തുക്കളും ദുരന്തത്തിൽ നഷ്ടപ്പെട്ടതോടെ ഇതിന് സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു.

ഈ ദയനീയ സാഹചര്യം അറിഞ്ഞ ബീഹാറിലെ വൈശാലി എം എൽ. എ സിദ്ധാർത്ഥ് പട്ടേൽ ബീഹാർ മർകസിലെ സാബിത്ത് നൂറാനിയുമായി ബന്ധപെട്ടു. വയനാട് സ്വദേശിയായ സാബിത്ത് നൂറാനി ദുരന്തമുഖത്ത് സജീവമായ എസ്. വൈ. എസ് സാന്ത്വനം പ്രവർത്തകരുമായി ഫോണിൽ സംസാരിക്കുകയും അവർ രോസൻ കുമാറിനെ കണ്ടെത്തി ചൂരൽമലയിലെ സാന്ത്വനം ക്യാമ്പ് ഓഫീസിൽ എത്തിക്കുകയും ചെയ്തു. തുടർന്നു നടന്ന അന്വേഷണത്തിലാണ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ടുപേരെ കണ്ടെത്തുന്നത്. കാണാതായവരുടെ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച സാന്ത്വനം പ്രവർത്തകർ അമ്മയുടെ അന്ത്യകർമങ്ങൾക്കായി ബീഹാറിലേക്ക് മടങ്ങാൻ രോസൻ കുമാറിന് വിമാന ടിക്കറ്റും അടിയന്തര സഹായവും നൽകി.

നാട്ടിലെത്തിയ രോസൻ കുമാറിൽ നിന്ന് ദുരന്തത്തിന്റെ ഭീകരദൃശ്യം അറിഞ്ഞ കാണാതായവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപെട്ടവരുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്കായി കണ്ടുകിട്ടിയെങ്കിൽ എന്ന പ്രാർഥനയിലാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരുടെ വിയോഗത്തോടെ നിത്യ ചെലവുകൾ പോലും എങ്ങനെ സാധിക്കുമെന്ന ആശങ്കയുമുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ശമനം ഉറപ്പുവരുത്താനും കാണാതായവരുടെ മൃതദേഹം കണ്ടെത്താനും ദുരിതബാധിതർക്ക് കേരള സർക്കാർ നൽകുന്ന ധനസഹായത്തിൽ തങ്ങളെയും പരിഗണിക്കാനും കേരളത്തോട് അഭ്യർഥിക്കുകയാണ് ഇപ്പോൾ ഭഗവാൻപൂർ ഗ്രാമം. കുടുംബങ്ങളുടെ അത്താണികളായിരുന്നവരുടെ വിയോഗത്തിൽ ഉള്ളുലയുന്ന സങ്കടത്തിൽ കഴിയുന്ന അതി ദരിദ്രരും താഴ്ന്ന ജീവിത നിലവാരം പുലർത്തുന്നവരുമായ ഗ്രാമവാസികളുടെ വേദനയും സഹായത്തിനായുള്ള അഭ്യർഥനയും നന്മയുള്ള കേരളം കേൾക്കുമെന്ന പ്രതീക്ഷയിലാണിവർ.

TAGS :

Next Story