വയനാട് ആദിവാസി യുവതിയുടെ മരണം; ദുരൂഹത നീക്കണമെന്ന് കുടുംബം
ശോഭയ്ക്ക് പ്രദേശത്തെ ജിജോ എന്ന വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു
വയനാട് കുറുക്കൻമൂലയിൽ താമസസ്ഥലത്തിന് സമീപം വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശോഭയെന്ന ആദിവാസി യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്ന ശോഭയെ 2020 ഫെബ്രുവരി മൂന്നിനാണ് താമസസ്ഥലത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഊരുസമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങുകയാണ് കുടുംബം.
മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ മാനന്തവാടി പൊലീസും സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡും അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. ശോഭയ്ക്ക് പ്രദേശത്തെ ജിജോ എന്ന വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. മരിക്കുന്നതിന്റെ തലേ ദിവസം രാത്രി ഇദ്ദേഹം വിളിച്ചതനുസരിച്ച് വീട്ടിൽ നിന്നിറങ്ങിയ ശോഭയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടതെന്നും ഇവർ പറയുന്നു.
ശോഭ മരിച്ചുകിടന്ന വയലിന്റെ ഉടമ ജിനുവിന്റെ പിതാവാണ് ശോഭയുടെയും പിതാവെന്ന് ശോഭയുടെ അമ്മ അമ്മിണി അവകാശപ്പെട്ടിരുന്നു. ഇതേതുടർന്ന് ശോഭയ്ക്ക് സ്വത്ത് നൽകേണ്ടി വരുമോ എന്ന ഭയത്താൽ ജിനുവും ശോഭയുടെ സുഹൃത്ത് ജിജോയും ചേർന്ന് ശോഭയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ശോഭയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നും ശോഭ ലൈംഗികാതിക്രമത്തിനിരയായിരുന്നില്ല എന്നുമായിരുന്നു ഫോറെൻസിക് പരിശോധനാ ഫലം.
Adjust Story Font
16