'ബാപ്പയും ചേട്ടനും ചേട്ടന്റെ മകനും മരിച്ചു, സ്ലാബിന്റെ അടിയിൽ ഒരാള് കുടുങ്ങിപോയിട്ടുണ്ട്, അവനും എന്തെങ്കിലും സംഭവിക്കുന്നാ പറയുന്നത്'
എത്രയും പെട്ടന്ന് ആരെങ്കിലും മുണ്ടക്കൈയിലേക്ക് ചെല്ലണമെന്ന് കരഞ്ഞപേക്ഷിക്കുകയാണ് ഇർഷാദും ബന്ധുക്കളും
കൽപ്പറ്റ: 'എന്റെ ബാപ്പയും സഹോദരനും സഹോദരന്റെ മകനും അവിടെ മരിച്ചു കിടക്കാണ്.. ഒരാള് സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കാന്ന് പറഞ്ഞ് സഹോദരന്റെ മകൻ വിളിച്ചുകൊണ്ടിരിക്കുന്നു...' എത്രയും പെട്ടന്ന് ആരെങ്കിലും അങ്ങോട്ട് ചെല്ലണമെന്ന് കരഞ്ഞപേക്ഷിക്കുകയാണ് ഇർഷാദും ബന്ധുക്കളും.
ദുരന്തഭൂമിയിലെ പ്രിയപ്പെട്ടവർക്കരികിലേക്ക് എത്താനാകാതെ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ് ഇർഷാദ്. ഒന്നരകിലോമീറ്റർ പോയാലേ അങ്ങോട്ട് എത്താനാകൂ..അതിന് ഈ പുഴ കടക്കണം. ഹെലികോപ്റ്റല്ലാതെ അങ്ങോട്ട് കടക്കാനാകില്ലെന്നും ഇർഷാദിന്റെ പിതൃസഹോദരൻ മീഡിയവണിനോട് പറഞ്ഞു.
'എന്റെ ബാപ്പയും ഏട്ടനും ഏട്ടന്റെ മകനും പെങ്ങളുടെ മകനുമാണ് മരിച്ചുകിടക്കുന്നത്. സ്ലാബിനടയിൽ കിടക്കുന്ന ആൾക്ക് ജീവനുണ്ട്. അവനെ രക്ഷപ്പെടുത്താൻ ഫയർഫോഴ്‌സിനെയോ ആരെങ്കിലും കൊണ്ടുവരാൻ വേണ്ടി വിളിച്ചുകൊണ്ടിരിക്കാണ്'... ഇർഷാദും ബന്ധുക്കളും പറയുന്നു. ഇതുപോലെ ദുരന്തഭൂമിയായ മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവർ പുറത്തുള്ള ബന്ധുക്കളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ അങ്ങോട്ട് എത്തിപ്പെടാൻ മാർഗമില്ലാതെ നിസ്സഹായാവസ്ഥയിൽ നിൽക്കുകയാണ് പലരും.
അതിനിടെ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായി വിവരം പുറത്ത് വരുന്നുണ്ട്.. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്ന് റിപ്പോര്‍ട്ട്.
Adjust Story Font
16