'ഞങ്ങൾ തുറന്നിരിക്കുന്നു'; വിവാദങ്ങൾക്കുശേഷം പ്രവർത്തനം പുനരാരംഭിച്ച് കാസർകോട്ടെ 'അൽറൊമാൻസിയ'
അഞ്ജുശ്രീ പാർവതിയുടെ മരണത്തിൽ കുടുംബം ഭക്ഷ്യവിഷബാധ ആരോപിച്ചതിനു പിന്നാലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
കാസർകോട്: ഭക്ഷ്യവിഷബാധാ വിവാദങ്ങൾക്കു പിറകെ അടച്ചുപൂട്ടിയ കാസർകോട് അടുക്കത്ത് വലലിലെ 'അൽറൊമാൻസിയ' തുറന്നുപ്രവർത്തനമാരംഭിച്ചു. ബേനൂർ സ്വദേശി അഞ്ജുശ്രീ പാർവതിയുടെ മരണത്തിൽ കുടുംബം ഭക്ഷ്യവിഷബാധ ആരോപിച്ചതിനു പിന്നാലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. എന്നാൽ, പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. ഹോട്ടലിനെതിരെ നിയമനടപടി സ്വീകരിച്ചതിനെതിരെ പിന്നീട് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
അഞ്ജുശ്രീ പാർവ്വതി ആത്മഹത്യ ചെയ്തത് എലിവിഷം കഴിച്ചാണെന്നാണ് സൂചന. ആത്മഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഞ്ജുശ്രീ ഗൂഗിളിൽ തിരഞ്ഞിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എലി വിഷത്തെ കുറിച്ചാണ് പെൺകുട്ടി ഗൂഗിളിൽ തിരഞ്ഞത്. മരണം വിഷാംശം ഉള്ളിൽ ചെന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് ഈ നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ചായിരുന്നു ആത്മഹത്യയെന്നും സൂചനയുണ്ട്. ആത്മഹത്യവിവരം കുടുംബത്തിന് അറിയാമായിരുന്നുവെന്നും കുടുംബം ഇത് മറച്ചുവെന്നും പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിലധികമായി അഞ്ജുശ്രീ മനോനില മോശമായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ കുറിപ്പ് പൊലീസ് കണ്ടെത്തി. മരണകാരണത്തിൽ വ്യക്തവരുന്നതിന് മുമ്പ് തന്നെ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാരോപിച്ച് ബിജെപി. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകർ ഹോട്ടലിലേക്ക് മാർച്ച് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹോട്ടൽ ഉടമകൾക്കെതിരായ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടമകളെയടക്കം രണ്ട് തൊഴിലാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ജുശ്രീയുടെ മരണം സംബന്ധിച്ച് ഇനി ഫോറൻസിക് ലാബ് റിപ്പോർട്ട് കൂടി ലഭിക്കാനുണ്ട്. സാധാരണ ഈ റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടാറുണ്ട്. പരിശോധനാ ഫലം ഉടൻ ലഭിക്കാനുള്ള ശ്രമം പൊലീസും ശക്തമാക്കിയതായാണ് വിവരം. ഈ റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമെ മരണകാരണമായ വിഷം ഏതാണെന്ന് ഉറപ്പിക്കാനാവൂ.
Adjust Story Font
16