Quantcast

പീഡിത വിഭാഗങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല; ഭരണഘടനയെ തകർക്കുന്ന ദേശവിരുദ്ധർക്കെതിരെ ഒരുമിക്കണം: സാദിഖലി തങ്ങൾ

നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ സംസ്‌കാരത്തെ തകർക്കുന്ന ശക്തികൾക്കെതിരെ രാജ്യത്തെ ന്യൂപക്ഷ സമുദായങ്ങൾ രാജ്യത്തുടനീളം സ്നേഹ സംവാദങ്ങൾ സംഘടിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2022-09-03 15:15:09.0

Published:

3 Sep 2022 3:00 PM GMT

പീഡിത വിഭാഗങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല; ഭരണഘടനയെ തകർക്കുന്ന ദേശവിരുദ്ധർക്കെതിരെ ഒരുമിക്കണം: സാദിഖലി തങ്ങൾ
X

ചെന്നൈ: ഇന്ത്യൻ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകർക്കുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരെ ജനാധിപത്യവാദികളുടെയും മതേതരവിശ്വാസികളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയർത്തുന്ന ഹിന്ദുത്വ വാദങ്ങൾക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന പോരാട്ടത്തിൽ മതേതര കക്ഷികളും പങ്കാളികളാവണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ മതേതര ചിന്താധാരക്ക് കൂടുതൽ പ്രസക്തി കൈവന്നിരിക്കുകയാണ്. സമൂഹത്തിൽ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ കാമ്പയിൻ മുസ്ലിം ലീഗ് നടത്തിവരികയാണെന്നും ഈ കൂട്ടായ്മയുടെ പ്രസക്തി എല്ലാവരും ഉൾക്കൊള്ളണമെന്നും തങ്ങൾ പറഞ്ഞു. ചെന്നൈയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ നിർവാഹകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

രാജ്യത്തെ മുസ്ലിംകളെയും ഇതര ന്യൂനപക്ഷ പിന്നോക്കക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ചുള്ള ബിജെപിയുടെ ഭരണകൂട ഭീകരത അധികകാലം നീണ്ടുപോകുമെന്ന് ആരും കരുതേണ്ടതില്ല. സമീപകാലത്ത് തന്നെ കനത്ത തിരിച്ചടി അവർ നേരിടേണ്ടിവരും. മുസ്ലിം സമൂഹത്തെ മാനസികമായി തളർത്തുന്ന പ്രഖ്യാപനങ്ങൾ നടത്തുന്ന ഭരണകൂട സംവിധാനം ഇപ്പോൾ കായികമായും നേരിടുകയാണ്. അവരുടെ വീടുകളും സ്ഥാപനങ്ങളും വരെ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് സാമ്പത്തികമായി നശിപ്പിക്കുകയാണ്. ഈ പീഡിത വിഭാഗങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല. രാജ്യത്തെ ജാതീയമായും മതപരമായും കീറിമുറിക്കുന്നതിലൂടെ ലോകത്ത് യശ്ശസ്സോടെ ഉയർന്നു നിൽക്കുന്ന ഇന്ത്യ തകരുന്നതായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാർട്ടി പരിപാടികൾ വിശദീകരിച്ചു. ദേശീയ അടിസ്ഥാനത്തിൽ പാർട്ടിയുടെ സന്ദേശം എത്തിക്കാനും ഘടകങ്ങൾ രൂപീകരിക്കാനും കമ്മിറ്റി പദ്ധതികൾ ആവിഷ്‌കരിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മതേതര പാർട്ടികളുമായി കൂട്ടായ്മകളുണ്ടാക്കും. സമൂഹത്തിൽ സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കും. ദേശീയ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി സമ്മേളന പ്രമേയം വിശദീകരിച്ചു.

നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ സംസ്‌കാരത്തെ തകർക്കുന്ന ശക്തികൾക്കെതിരെ രാജ്യത്തെ ന്യൂപക്ഷ സമുദായങ്ങൾ രാജ്യത്തുടനീളം സ്നേഹ സംവാദങ്ങൾ സംഘടിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും നടന്ന ധർമ്മ സൻസദ് സമ്മേളനത്തിൽ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രസ്താവനകളെ ശക്തമായി അപലപിച്ചു. മുസ്ലിംകളുടെ ഉന്മൂലനം ആവശ്യമാണെന്ന് ഹരിദ്വാർ സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിക്കുകയും രാജ്യത്തെ ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളുടെ വോട്ടവകാശം ഹനിക്കാനുമുള്ള ആഹ്വാനത്തെ ഭരണകൂടം തള്ളപ്പറയാത്തതിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു. 1991-ൽ നടപ്പാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കാനും നിയമം നടപ്പിലാക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള സെൻസസ് സംവിധാനം നടപ്പിലാക്കണം. ഇതിന്റെ കൃത്യത ഉറപ്പുവരുത്താൻ കണക്കെടുപ്പിൽ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യത്യസ്ത സമുദായങ്ങൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങളെ പൗരാണിക-ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

TAGS :

Next Story