'ആ വീടുകളിൽ പ്രധാനമന്ത്രിയുടെ പടം വയ്ക്കാൻ അനുവദിക്കില്ല, അതിന് മനസ്സില്ല'; ലൈഫ് പദ്ധതിയിൽ മന്ത്രി വീണാ ജോർജ്
മലയാളിയുടെ ആത്മാഭിമാനം 72,000 രൂപക്ക് അടിയറവ് വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരളം പറഞ്ഞുവെന്നും വീണാ ജോർജ് വ്യക്തമാക്കി
കേരളത്തോട് ക്രൂരമനോഭാവത്തോടെ വിവേചനപരമായാണ് കേന്ദ്രം പെരുമാറുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ ധനവിഹിതങ്ങൾ ഔദാര്യമല്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. കേരളം നടപ്പാക്കുന്ന പദ്ധതികളിൽ പ്രധാനമന്ത്രിയുടെ പടവും കേന്ദ്രപദ്ധതിയുടെ പേരും വെക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാത്തത് കൊണ്ടാണ് കേന്ദ്രം വിഹിതം തടഞ്ഞുവെക്കുന്നതെന്നും വീണാ ജോർജ് ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക നൽകുന്ന സംസ്ഥാനമാണ് കേരളം. നാല് ലക്ഷം രൂപയാണ് കേരളം നൽകുന്നത്. ട്രൈബൽ മേഖലയിലാണെങ്കിൽ ഇത് ആറു ലക്ഷം രൂപയാണ്. അതേസമയം റൂറൽ മേഖലയിൽ 72,000 രൂപയാണ് കേന്ദ്രം നൽകുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ പടവും കേന്ദ്രത്തിന്റെ പദ്ധയുടെ പേരും വെക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
നമ്മൾ നമ്മുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ കാണുന്നത് പ്രധാനമന്ത്രിയുടെ പടവും പദ്ധതിയുടെ പേരും, മലയാളിയുടെ ആത്മാഭിമാനം 72,000 രൂപക്ക് അടിയറവ് വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരളം പറഞ്ഞു. ലൈഫ് മിഷന്റെ പേരോ മുഖ്യമന്ത്രിയുടെ പേരോ കേരളം വെക്കുന്നില്ല. ഒരു വീട് ഒരു വ്യക്തിയുടെ സ്വപനമാണ്. അവിടെ അവർ സന്തോഷത്തോടെ ജീവിക്കട്ടെ, അവിടെ പ്രധാനമന്ത്രിയുടെ പടം അനുവദിക്കില്ല, പദ്ധതിയുടെ പേരും വെക്കില്ല എന്നു തന്നെ കേന്ദ്രത്തെ അറിയിച്ചു
ആരോഗ്യമേഖലയിൽ കേരളം ഏറെ മുന്നിലാണ്. ആർദ്രം പദ്ധതിയിലൂടെ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. സബ്സെന്ററുകൾ ജനകീയാരോഗ്യ കേന്ദ്രങ്ങളായി. ആരോഗ്യ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ സ്ഥലത്ത്, വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നവീകരണത്തിന് കേന്ദ്രം ഏഴ് ലക്ഷം രൂപ നൽകുകയും കേന്ദ്രപദ്ധതിയെന്ന് എഴുതിവയ്ക്കാൻ പറയുകയും ചെയ്യുന്നു. ഇത് നടക്കില്ലെന്ന് നിലപാടെടുത്തപ്പോൾ പണം നൽകില്ലെന്നാണ് കേന്ദ്രം പറത്തത്. അങ്ങനെയിരിക്കെ കോബ്രാൻഡിങ് പരിഗണിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ചു.
ഇത്തരത്തിൽ കോ ബ്രാൻഡിങ് അംഗീകരിച്ച് ആരോഗ്യ കേന്ദ്രത്തിൽ കേന്ദ്രത്തിന്റെ കൂടി പേര് വെച്ചു. ഇത് 99 ശതമാനവും അംഗീകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസം ആശുപത്രികൾക്ക് ഡിസംബർ മാസം 31 നകം ആയുഷ് മാൻ ആരോഗ്യ മന്ദിർ എന്നു പുനനാമകരണം ചെയ്യണമെന്ന വിചിത്രമായ നിർദേശവുമായി കേന്ദ്രം കത്തയച്ചിരിക്കുയാണ്. ഇത് അനുവദിക്കാൻ കഴിയുന്നതല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബാക്കിനോക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16