ദുർഗാവാഹിനി പ്രകടനത്തിലെ കലാപാഹ്വാനം: നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പൊലീസിൽ പരാതി നൽകി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആയുധങ്ങളുമായി പഥസഞ്ചലനം നടത്തി കലാപാഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. നെയ്യാറ്റിൻകര സരസ്വതി വിദ്യാലയത്തിൽ നടന്ന ക്യാമ്പിന്‍റെ ഭാഗമായാണ് ദുർഗാവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പ്രകടനം നടത്തിയത്. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എൻ.എം അൻസാരി ആവശ്യപ്പെട്ടു.
മുസ്‌ലിം സമൂഹത്തെ വംശീയമായി ഉൻമൂലനം ചെയ്യാനും രാജ്യത്ത് കലാപം നടത്താനും പരസ്യമായി പ്രഖ്യാപിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ആർ.എസ്.എസ്. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിലും കൂട്ടായ്മകളിലും രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പരസ്യമായി തന്നെ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാനോ ആർ.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യാനോ ഇടതു സർക്കാർ തയ്യാറാകുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിമര്‍ശിച്ചു.
പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ള സംഘ്പരിവാർ നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇന്ത്യയിലെ മുസ്‌ലിം, ദലിത്, ആദിവാസി സമൂഹങ്ങളെ നശിപ്പിക്കുന്നതിനുള്ള പരസ്യമായ വെല്ലുവിളി നടത്തിയിട്ടുണ്ട്. എന്നാൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇത്തരം ഭീകര പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ഹിന്ദു തീവ്രവാദത്തോട് മൃദു സമീപനം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കീഴാറൂരിൽ ആർ.എസ്.എസ് സ്ത്രീകൾ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന് മുറവിളി നടത്തിയിട്ടും അതിനെതിരെ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം വർധിപ്പിക്കുന്നതിന് കാരണമാകും. സംസ്ഥാനത്ത് ആർ.എസ്.എസിന്റെ വിവിധ കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംരക്ഷണവും നടക്കുന്നതിന് വ്യക്തമായ തെളിവുകൾ സർക്കാറിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടത്താൻ ഇതുവരെയും ഭരണകൂടം തയ്യാറായിട്ടില്ല. സംഘ്പരിവാറിന്റെ ഹിന്ദുത്വ വംശീയ ഉന്മൂലനം ശ്രമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടം രൂപപ്പെട്ടു വരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിൽ ആയുധമേന്തി കലാപാഹ്വാനം നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പൊലീസിൽ പരാതി നൽകിയതായി എൻ.എം അൻസാരി അറിയിച്ചു.
Adjust Story Font
16