Quantcast

റഷ്യൻ കൾച്ചറൽ സെന്ററിനുമുന്നിൽ വെൽഫെയർ പാർട്ടിയുടെ യുദ്ധവിരുദ്ധ സംഗമം

'റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യത്തിൽ വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ച് തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിനു മുന്നിൽ പൊലീസ് തടഞ്ഞു

MediaOne Logo

Web Desk

  • Published:

    4 March 2022 4:29 PM GMT

റഷ്യൻ കൾച്ചറൽ സെന്ററിനുമുന്നിൽ വെൽഫെയർ പാർട്ടിയുടെ യുദ്ധവിരുദ്ധ സംഗമം
X

സൈനികശക്തിയിൽ മറ്റ് രാജ്യങ്ങളുടെ മുന്നേറ്റം അനുവദിക്കില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിന്റെ ഭാഗമായാണ് റഷ്യ യുക്രൈനിൽ അക്രമം അഴിച്ചുവിടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ്. 'റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യത്തിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുദ്ധം പോലുള്ള മഹാവിനാശകരമായ സംഭവങ്ങളോട് എന്നും ശക്തമായി പ്രതികരിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളോട് തികഞ്ഞ നിസ്സംഗത പുലർത്തുകയാണ് കേരളത്തിലെ വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ സംഘടനകൾ ചെയ്യുന്നത്. ആർജ്ജവത്തോടെ നിലപാട് വ്യക്തമാക്കാനും യുദ്ധവിരുദ്ധ ചേരിയിൽ നിലകൊള്ളാനും സംഘടനകൾക്ക് കഴിയണം. ലോകാടിസ്ഥാനത്തിൽ തന്നെ വലിയ നഷ്ടങ്ങൾ സംഭവിക്കുന്ന ദുരന്തത്തിലേക്കാണ് റഷ്യ-യുക്രൈൻ യുദ്ധം എത്തിനിൽക്കുന്നത്. പത്തുലക്ഷത്തിലേറെ ജനങ്ങളുടെ പലായനത്തിന് ഈ യുദ്ധം കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുകയും ലോകജനതയ്ക്ക് തന്നെ സമാനതകളില്ലാത്ത ദാരിദ്ര്യം സമ്മാനിക്കുകയുമാണ് അധിനിവേശം ചെയ്യുന്നത്-കെ.എ ഷെഫീഖ് പറഞ്ഞു.


റഷ്യൻ കൾച്ചറൽ സെന്ററിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെഹബൂബ് പൂവാർ, ഫ്രറ്റേണിറ്റി മൂവ്‌മെൻറ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹിം സംസാരിച്ചു. കോർപ്പറേഷൻ സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി സ്വാഗതവും ഷാജി അട്ടക്കുളങ്ങര നന്ദിയും പറഞ്ഞു.

Summary: Welfare Party conducts anti-war rally in front of the Russian Cultural Center in Thiruvananthapuram

TAGS :

Next Story