Quantcast

സിദ്ധീഖ് കാപ്പനെ നിരുപാധികം വിട്ടയക്കും വരെ സമ്മർദ്ദങ്ങൾ തുടരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

വംശീയതയുടെ ഏറ്റവും ഭീകരമുഖമാണ് ഉത്തരപ്രദേശ് സർക്കാരിന്റേത്. സിദ്ധീഖ് കാപ്പൻ ഒരു പ്രതീകം മാത്രമാണ്

MediaOne Logo

Web Desk

  • Updated:

    2021-04-28 04:49:08.0

Published:

28 April 2021 4:46 AM GMT

സിദ്ധീഖ് കാപ്പനെ നിരുപാധികം വിട്ടയക്കും വരെ സമ്മർദ്ദങ്ങൾ തുടരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

സിദ്ധീഖ് കാപ്പനെ നിരുപാധികം വിട്ടയക്കുംവരെ ജനാധിപത്യ സമൂഹം ശക്തമായ സമ്മർദ്ദങ്ങൾ തുടരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സിദ്ധീഖ് കാപ്പൻറെ വസതി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ ആശുപത്രിയിൽ മൃഗസമാനമായി പീഢിപ്പിക്കപ്പെടുന്ന അദ്ദേഹത്തിൻറെ വിഷയത്തിൽ കേരള മുഖമന്ത്രി യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചതും കേരളത്തിലെ 11 എം.പിമാർ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചതും കേരളത്തിൽ നിന്നുണ്ടായ ജനകീയ സമ്മർദ്ദങ്ങളുടെ ഫലമാണ്. സംഘ്പരിവാർ ഫാസിസം രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ്. ഹഥ്റസിൽ ദലിത് പെണകുട്ടിക്ക് നേരെ നടന്ന അതിക്രൂരമായ സവർണ്ണ ഫാസിസ്റ്റ് ഹിംസ റിപ്പോർട്ട് ചെയ്യാൻ പോയതിൻറെ പേരിലാണ് മലയാളി പത്രപ്രവർത്തകനെ യോഗി സർക്കാർ തടങ്കലിലാക്കിയിരിക്കുന്നത്.

വംശീയതയുടെ ഏറ്റവും ഭീകരമുഖമാണ് ഉത്തരപ്രദേശ് സർക്കാരിന്റേത്. സിദ്ധീഖ് കാപ്പൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിയായ റഊഫ് ശരീഫും യു.പിയിൽ സമാനമായ പീഢനത്തിന് ഇരയാകുകയാണ്. പൌരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികളടക്കമുള്ളവർ യു.പിയിലെയടക്കം നിരവധി ജയിലുകളിൽ അത്തരത്തിൽ പീഢിപ്പിക്കപ്പെടുന്നു. കിരാത സവർണ്ണ വംശീയ ഭരണകൂടത്തിനെതിരെ ജനാധിപത്യ ബോധമുള്ളവർ ഒന്നിക്കണമെന്നും സിദ്ധീഖ് കാപ്പൻറെ മോചനത്തിന് വേണ്ടി കേരളീയ സമൂഹം ഒറ്റക്കെട്ടായി രാഷ്ട്രീയവും നിയമപരവുമായ സമ്മർദ്ദങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ. സി. ആയിഷ, ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, വേങ്ങര മണ്ഡലം പ്രസിഡന്റ് കെ.എം.ഹമീദ് മാസ്റ്റർ, സാജിദ്.സി.എച്ച്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി, ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story