Quantcast

സാമൂഹ്യനീതി അട്ടിമറിക്കുന്ന ബജറ്റിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം: റസാഖ് പാലേരി

വെൽഫെയർ പാർട്ടിയുടെ നിയമസഭാ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2023 2:33 PM GMT

welfare party kerala assembly march against budget
X

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കുന്നതും സാമൂഹ്യനീതി അട്ടിമറിക്കുന്നതുമാണ് സംസ്ഥാന ബജറ്റെന്ന വിമര്‍ശനവുമായി വെൽഫെയർ പാർട്ടി നിയമസഭാ മാര്‍ച്ച് നടത്തി. വിവിധ ജനവിഭാഗങ്ങളുടെ അടിസ്ഥാന ജീവിത ആവശ്യങ്ങൾ പോലും പരിഗണിക്കുന്നതിൽ ബജറ്റ് പരാജയമാണ്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ ജീവിതത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നികുതിഭാരം വർധിപ്പിക്കുക എന്ന തന്ത്രം മാത്രമാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു.

ജനങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയോടൊപ്പം നിൽക്കേണ്ട സർക്കാർ അതിസമ്പന്നരുടെ മെഗാ ഫോണായി മാറുന്ന കാഴ്ചയാണ് കേരളത്തിൽ ഇടതുപക്ഷ ഭരണകൂടത്തിൽ നിന്നും രൂപപ്പെടുന്നത്. അസാധാരണമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ജനങ്ങളെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന ബജറ്റാണ് പിണറായി സർക്കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. 3.6 ലക്ഷം കോടിയുടെ പൊതുകടമുള്ള സംസ്ഥാനം നികുതി പിരിച്ചെടുക്കുന്നതിൽ ഏറെ പിറകിലാണെന്ന വസ്തുത മറച്ചുവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. നികുതി പിരിവ് വളർച്ച നിരക്ക് രണ്ട് ശതമാനത്തിൽ താഴെ മാത്രമുള്ള കേരളം റവന്യൂ ചെലവിൽ രാജ്യത്ത് ഒന്നാമതാണ്. സർക്കാറിന്റെ ഭരണ ധൂർത്തും സാമ്പത്തിക അച്ചടക്കരാഹിത്യവും കേരളത്തെ വലിയ കടക്കെണിയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും റസാഖ് പാലേരി ചൂണ്ടിക്കാട്ടി.


ഭരണകൂടത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണ ജനങ്ങളുടെ മേൽ ഭാരം കെട്ടിവയ്ക്കുന്ന ഫാസിസ്റ്റ് സർക്കാരിന്റെ രീതിയാണ് ഇടതുപക്ഷ സർക്കാർ ബജറ്റ് അവതരണത്തിൽ സ്വീകരിച്ചത്. ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നതിലൂടെ വിവിധ മേഖലകളിലെ വിലവർദ്ധനവ് ക്രമാതീതമായി മാറുകയാണ് ചെയ്യുന്നത്. ഇന്ധന വിലയുടെ കാര്യത്തിൽ സമീപ സംസ്ഥാനങ്ങളെക്കാൾ 10 രൂപയിലധികമാണ് കേരളത്തിലെ ജനങ്ങൾ നൽകേണ്ടിവരുന്നത്. ക്ഷേമ പെൻഷൻ പദ്ധതികളിൽ ബജറ്റ് ഒന്നും നീക്കി വെച്ചിട്ടില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്. വിലക്കയറ്റം നേരിടുന്നതിനു വേണ്ടി 2000 കോടി രൂപ പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുമെന്ന് ബജറ്റിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ പിണറായി സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് റസാഖ് പാലേരി പറഞ്ഞു.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, മിർസാദ് റഹ്മാൻ, എഫ്ഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് മോഹൻ സി മാവേലിക്കര, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്‍റ് അഷ്റഫ് കല്ലറ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. അനിൽ കുമാർ നന്ദി പറഞ്ഞു. സ്‌പെൻസർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് നേരെ നിയമസഭയ്ക്ക് മുന്നിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

TAGS :

Next Story