കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നേരെ പോലീസ് വെടിവെപ്പ്: അസമിൽ നടക്കുന്നത് ഭരണകൂടത്തിന്റെ വംശീയ വേട്ട - വെല്‍ഫെയര്‍ പാര്‍ട്ടി
പ്രതിഷേധിച്ചവരിൽ വെടിയേറ്റ് നിലത്തുവീണ വ്യക്തിയെ ഇരുപതോളം പോലീസ് വളഞ്ഞിട്ട് തല്ലി കൊല്ലപ്പെടുത്തുകയാണുണ്ടായത്. പോലീസ് ഒത്താശയോടെ തന്നെയാണ് ദൃശ്യങ്ങൾ പകർത്താൻ സർക്കാർ നിയമിച്ച ക്യാമറാമാനായ ബിജയ് ശങ്കർ എന്ന വ്യക്തി മൃതദേഹത്തെ ചവിട്ടിമെതിച്ചത്
തിരുവനന്തപുരം: അസമിലെ ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടത്തുന്ന ക്രൂരമായ വെടിവെപ്പ് ഭരണകൂടത്തിന്റെ വംശീയ വേട്ടയുടെ തുടർച്ചയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ ഒത്താശയോടെ ജനങ്ങൾക്കുനേരെ അഴിഞ്ഞാടുന്ന പോലീസാണ് ധറാങ്ങിൽ ആസൂത്രിത സായുധാക്രമണം ജനങ്ങൾക്ക് നേരെ അഴിച്ചു വിട്ടത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെട്ട ഇരുനൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നിരവധി പേർക്ക് സാരമായ പരിക്ക് ഏൽക്കുകയും രണ്ടു പേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തത് ഈ പോലീസ് അക്രമത്തിലാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മുകളിൽ ചാടി നൃത്തം ചെയ്യുന്ന സംഘ്പരിവാർ ഭീകരതയുടെ ക്രൂര മുഖമാണ് പുറത്തു വന്ന വീഡിയോകളിലൂടെ വെളിപ്പെടുന്നത്. പ്രതിഷേധിച്ചവരിൽ വെടിയേറ്റ് നിലത്തുവീണ വ്യക്തിയെ ഇരുപതോളം പോലീസ് വളഞ്ഞിട്ട് തല്ലി കൊല്ലപ്പെടുത്തുകയാണുണ്ടായത്. പോലീസ് ഒത്താശയോടെ തന്നെയാണ് ദൃശ്യങ്ങൾ പകർത്താൻ സർക്കാർ നിയമിച്ച ക്യാമറാമാനായ ബിജയ് ശങ്കർ എന്ന വ്യക്തി മൃതദേഹത്തെ ചവിട്ടിമെതിച്ചത്.
ആവശ്യമായ പുനരധിവാസ സംവിധാനം ഒരുക്കാതെ ജനങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂട നടപടി അംഗീകരിക്കാനാവില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എണ്ണൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഭരണകൂടം നടത്തിയ ആസൂത്രിത ശ്രമത്തിന്റെ തുടർച്ചയായി സിപാജറിലെ മുസ്‌ലിം പള്ളികളും പോലീസ് തകർത്തു. മുസ്‌ലിം സമൂഹത്തിന്റെ സാംസ്കാരിക നിലനിൽപിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ അസം സർക്കാർ നടപ്പാക്കുന്നത്.
ആസാമിലെ പോലീസിന്റെ ക്രൂരതയ്ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് അസം ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം സെക്രട്ടറിമാരായ ആയിഷ റെന്ന, അഫ്രീൻ ഫാത്തിമ, ഷർജീൽ ഉസ്മാനി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ശ്രമത്തെ ശക്തമായ പോരാട്ടം കൊണ്ട് മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘ്പരിവാർ നടത്തുന്ന പോലീസ് രാജിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി, അഡ്വ. അനിൽകുമാർ, മധു കല്ലറ, മുംതാസ് ബീഗം, അയൂബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് രാജ്ഭവനു മുന്നിൽ പോലീസ് തടഞ്ഞു.
Adjust Story Font
16