കടൽമണൽ ഖനനത്തിനെതിരെ പ്രതിഷേധമുയർത്തി വെൽഫെയർ പാർട്ടി പ്രക്ഷോഭ സംഗമം
ബ്ലാങ്ങാട് ബീച്ചിൽ 'കടൽ മണൽ ഖനന വിരുദ്ധ പ്രക്ഷോഭ മനുഷ്യ ചങ്ങല' തീർത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്

ചാവക്കാട്: കടൽ മണൽ ഖനനം നടത്തി കടലിനെയും കടലിൻ്റെ മക്കളെയും കൊല്ലാനുള്ള ഭരണകൂട - കോർപ്പറേറ്റ് പദ്ധതിക്കെതിരെ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി പ്രക്ഷോഭ സംഗമം. സർക്കാർ നയത്തിനെതിരെ രാജ്യത്ത് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന തീരദേശ ജനതയുടെ പ്രതിഷേധങ്ങൾക്ക് ശക്തി പകരുക, തീരദേശം കുത്തകകൾക്ക് വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിക്കുക, കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് വെൽഫെയർ പാർട്ടി ചാവക്കാട് നടത്തിയ പ്രക്ഷോഭ സംഗമം നടത്തിയത്.
കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ മേഖലകളിലെ കടലിൽ നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിൻ്റെ പദ്ധതി കടലിനെയും കടലിൻ്റെ മക്കളെയും ഞെക്കിക്കൊല്ലുന്നതാണ്. മത്സ്യ മേഖലക്കും തീരദേശ പരിസ്ഥിതിക്കും ഗുരുതര ആഘാതം ഉണ്ടാക്കുന്ന തീരുമാനമാണിത്. ഖനനം നടന്നാൽ കേരളത്തിലെ മൽസ്യബന്ധന മേഖലയുടെ അന്ത്യം കുറിക്കും.
ചാവക്കാടും പൊന്നാനിയും വർക്കല മുതൽ അമ്പലപ്പുഴ വരെ നീണ്ടു നിൽക്കുന്ന കൊല്ലം പരപ്പുമാണ് ഖനനത്തിനായി പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന് വൻതോതിൽ വിദേശ നാണ്യവും തൊഴിലവസരങ്ങളും നൽകുന്ന മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് 10 ലക്ഷത്തിലധികം കുടുംബങ്ങളാണ് ജീവിക്കുന്നത്.
അവരുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകും. കടലും കടൽത്തീരവും കോർപറേറ്റുകൾക്ക് തീറെഴുതുന്ന ഭരണാധികാരികൾ മത്സ്യത്തൊഴിലാളികളെ കുറിച്ച് ചിന്തിക്കുന്നേയില്ല. തീരദേശ മത്സ്യ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. കടലിൻ്റെ ആവാസ വ്യവസ്ഥയെ തകർക്കുകയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്ന ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രക്ഷോഭത്തിൽ ആവശ്യമുയർന്നു.
ബ്ലാങ്ങാട് ബീച്ചിൽ 'കടൽ മണൽ ഖനന വിരുദ്ധ പ്രക്ഷോഭ മനുഷ്യ ചങ്ങല' തീർത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബ്ലാങ്ങാട് ബീച്ചിൽ നിന്നും കാൽനടയായി നടത്തിയ കടൽ സംരക്ഷണ യാത്ര വസന്തം കോർണറിൽ സമാപിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സംഗമം ഉദ്ഘാടനം ചെയ്തു. പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ് നിസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി, സംസ്ഥാന കമ്മിറ്റി അംഗം എംകെ അസ്ലം, തീരദേശ ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പ്രമുഖ ആക്ടിവിസ്റ്റ് മാഗ്ലീൻ ഫിലോമിന, എഫ്. ഐ.ടി.യു മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് പൊന്നാനി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമൈറ കെ.എസ്., റക്കീബ് കെ. തറയിൽ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സിറാജുദ്ദീൻ ബാവ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡൻ്റ് അക്ബർ പി.കെ., വിമൻ ജസ്റ്റിസ് ജില്ലാ ജനറൽ സെക്രട്ടറി ഫസീല ഹനീഫ്, പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഫൈസൽ ഉസ്മാൻ എന്നിവർ സംസാരിച്ചു.
Adjust Story Font
16