'ബീഫ് ചോദിച്ചാണ് വന്നത്, ഇല്ലെന്ന് പറഞ്ഞപ്പോൾ ചീത്തവിളിച്ചു തോക്കുമായി തിരികെവന്നു': തട്ടുകട ഉടമ
തട്ടുകടയിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന യുവാവ് ആള്‍ക്കൂട്ടത്തിനു നേരെ വെടിവെച്ചത്
ഇടുക്കി മൂലമറ്റത്ത് ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ എന്താണുണ്ടായതെന്ന് വിശദീകരിച്ച് തട്ടുകട ഉടമ സൗമ്യ. തട്ടുകടയിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന യുവാവ് ആള്‍ക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന, ബൈക്കില്‍ ബന്ധു വീട്ടില്‍ നിന്ന് മടങ്ങിയ യുവാവാണ് കൊല്ലപ്പെട്ടത്.
"ഇന്നലെ ഏകദേശം രാത്രി പത്തര ആയിട്ടുണ്ടാവും രണ്ടു പേര്‍ ഭക്ഷണം കഴിക്കാന്‍ വന്നു. സാധാരണ 12 മണി വരെയൊക്കെ ഭക്ഷണം ഉണ്ടാവാറുണ്ട്. ഇന്നലെ ശനിയാഴ്ച ആയതുകൊണ്ട് നേരത്തെ ഭക്ഷണം തീര്‍ന്നു. നോണ്‍ വെജ് എല്ലാം തീര്‍ന്നിരുന്നു. വന്നവരില്‍ ഒരാള്‍ അകത്തിരുന്ന് ദോശ കഴിച്ചു. പുറത്തുനിന്നയാള്‍ ബീഫ് ചോദിച്ചു. ഇയാള്‍ നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. ബീഫില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഭയങ്കര മോശമായി തെറിവിളിച്ചു. ഭക്ഷണം തീര്‍ന്നെങ്കില്‍ പിന്നെ ഇവിടെക്കിടന്ന് ബഹളം വെച്ചിട്ടെന്താ കാര്യമെന്ന് കണ്ടുനിന്ന കുറച്ചു പിള്ളേര്‍ ചോദിച്ചു. വേറെ കട നോക്ക് എന്നവര്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങിവന്ന് പിള്ളേരെ പിടിച്ചുതള്ളി. ഞാന്‍ എസ്ഐയെ വിളിച്ചു അപ്പോള്‍ത്തന്നെ വിവരം പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വിളിച്ചോളാന്‍ സാര്‍ പറഞ്ഞു. പിന്നാലെ അയാള്‍ തിരിച്ചുവന്നു. വന്നവഴി അയാള്‍ വെടിവെക്കുകയായിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടയാള്‍ തര്‍ക്കം നടക്കുമ്പോള്‍ തട്ടുകടയുടെ സമീപമുണ്ടായിരുന്നില്ല"- സൗമ്യ പറഞ്ഞു.
കടയിലെ തര്‍ക്കത്തിനു പിന്നാലെ ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു. ഈ സമയത്ത് കടയിലുണ്ടായിരുന്നവര്‍ മാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. വീടിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായി. അതിനിടെ ഫിലിപ്പ് മാര്‍ട്ടിന്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴാണ് ആ വഴി പോവുകയായിരുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇവര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ബസ് ജീവനക്കാരനായ സനല്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വെടിയേറ്റ് മരിച്ചത്.
ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പ് മാര്‍ട്ടിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുന്‍പ് മോഷ്ടിച്ച തോക്കാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16