Quantcast

ഇ.ഡിയെയും മോദിയെയും വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് കെ.എസ് ഹംസ; ലീഗ് യോഗത്തിൽ നടന്നതെന്ത്?

അബ്ദുറഹ്മാൻ രണ്ടത്താണി. കണ്ണൂരിൽ നിന്നുള്ള നേതാവ് കരീം ചേലേരി, ആലപ്പുഴയിൽ നിന്നുള്ള നസീർ അടക്കമുള്ള ഏതാനും നേതാക്കളും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സംസാരിച്ചു. എം കെ മുനീറും വി കെ ഇബ്രാഹിം കുഞ്ഞും, കെപിഎ മജീദും മൗനം പാലിച്ചു.

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2022-07-16 18:15:47.0

Published:

16 July 2022 6:11 PM GMT

ഇ.ഡിയെയും മോദിയെയും വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് കെ.എസ് ഹംസ; ലീഗ് യോഗത്തിൽ നടന്നതെന്ത്?
X

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അതിരൂക്ഷ വിമർശനം. ഇ. ഡി യെ ഭയന്ന് മോദിയെയും വിജിലൻസിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് തുടങ്ങിയുള്ള കെ.എസ് ഹംസയുടെ വിമർശനം രൂക്ഷമായതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചു. മുസ്‌ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ് ഹംസ ചർച്ച തുടങ്ങിയത്.

14 ജില്ലകളിലും പാർട്ടി നടത്തിയ കൺവെൻഷനിൽ ഒരിടത്ത് പോലും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പറയാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനമുയർന്നപ്പോൾ കുഞ്ഞാലിക്കുട്ടി മൗനം പാലിച്ചു. ആരോപണങ്ങൾ കുഞ്ഞാലിക്കുട്ടി വിശ്വസിക്കുന്നുണ്ടോയെന്ന് കെ.ടി ജലീൽ രണ്ടുവട്ടം നിമയസഭയിൽ ചോദിച്ചപ്പോൾ മറുപടി പോലും പറയാൻ തയ്യാറായില്ല. പാർട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളർത്താൻ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകളുമായി ഹംസ കത്തിക്കയറിയപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേറ്റു. ഇതോടെ യോഗം നടന്ന ഹോട്ടൽമുറി ബഹളത്തിൽ മുങ്ങി. പാലക്കാട് നിന്നുള്ള നേതാക്കളായ മരക്കാർ മാരായമംഗലവും ഹമീദും ഹംസക്ക് മുന്നിലെത്തിയതോടെ ഉന്തും തള്ളുമുണ്ടായി.



ഉച്ചത്തിൽ സംസാരിച്ച കുഞ്ഞാലിക്കുട്ടി ഒരു കടലാസ് എടുക്കൂ, രാജി എഴുതിത്തരാമെന്ന് പലവട്ടം പറഞ്ഞു. തന്നെ വേട്ടയാടാൻ ചിലർ ഇറങ്ങിയിട്ട് കാലം കുറേ ആയി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 15 മിനിറ്റോളം ബഹളത്തിൽ മുങ്ങിയ യോഗം പിന്നീട് സ്വാദിഖലി തങ്ങൾ ഇടപെട്ടാണ് നിയന്ത്രിച്ചത്. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് എസ് ടി യു ദേശീയ അധ്യക്ഷൻ കൂടിയായ എം റഹ്മത്തുള്ള രംഗത്ത് വന്നു. ഇടതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് ശരി. ആ നിലപാടുമായി കുഞ്ഞാലിക്കുട്ടി മുന്നോട്ട് പോകണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുറഹ്മാൻ രണ്ടത്താണി. കണ്ണൂരിൽ നിന്നുള്ള നേതാവ് കരീം ചേലേരി, ആലപ്പുഴയിൽ നിന്നുള്ള നസീർ അടക്കമുള്ള ഏതാനും നേതാക്കളും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സംസാരിച്ചു. എം കെ മുനീറും വി കെ ഇബ്രാഹിം കുഞ്ഞും, കെപിഎ മജീദും മൗനം പാലിച്ചു. ഭാരവാഹി യോഗത്തിൽ പറയാത്ത വിമർശനങ്ങൾ പ്രവർത്തകസമിതിയിൽ ഉന്നയിക്കുന്ന കെ.എസ് ഹംസയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ചിലർ ഉന്നയിച്ചു. വേദിയിലിരിക്കാതെ താഴെ ഇരുന്നത് ബോധപൂർവ്വമാണ്. ഗൂഢാലോചന നടത്തിയാണ് ഹംസ യോഗത്തിന് വന്നതെന്നും കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന ഒരു നേതാവ് പറഞ്ഞു.




കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് താൻ മൃദു സമീപനം സ്വീകരിക്കുന്നു എന്നത് ശരിയാണെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തിൽ സമ്മതിച്ചു. തന്റെ പേര് വെച്ച് പലരും പല ഏജൻസികൾക്കും പരാതി നൽകുകയാണ്. ഏജൻസികൾക്കെല്ലാം മറുപടി കൊടുക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹി യോഗത്തിൽ ഇത്തരം ചർച്ചകൾക്ക് അവസരം കിട്ടാറില്ലെന്ന് കെ എം ഷാജി അപ്പോൾ തന്നെ മറുപടി നൽകി. ആരോഗ്യകരമായ ചർച്ചയാണ് നടക്കുന്നതെന്ന് പറഞ്ഞ ഇ.ടി മുഹമ്മദ് ബഷീർ ഹാളിൽ നിന്ന് എഴുന്നേറ്റ് പോയി.

ചന്ദ്രികയുടെ കണക്ക് സുതാര്യമാക്കണമെന്ന് കെ എം ഷാജി ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള ഓഡിറ്ററെ വെച്ച് കണക്ക് പരിശോധിക്കണം. ചന്ദ്രിക ഡയറക്ടറാണ് എന്നൊക്കെ പറഞ്ഞ് ചിലർ മൂന്നും നാലും കോടിയൊക്കെ പിരിക്കുകയാണ്. ആ പണം പോകുന്ന വഴിയറിയുന്നില്ല. ഇതെല്ലാം പരിശോധിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. പെരുന്നാളിന് ഒരു ദിവസത്തെ അവധി പോലും സർക്കാർ നൽകാതിരുന്നിട്ടും പാർട്ടി പ്രതികരിച്ചില്ലെന്നും ഷാജി പറഞ്ഞു.



പി.കെ ബഷീറും ചന്ദ്രികയിലെ പ്രശ്‌നങ്ങൾ ഉന്നയിച്ചു. ആരൊക്കെയോ ചന്ദ്രികക്ക് വേണ്ടി പിരിവ് നടത്തുകയാണ്. പണം വാങ്ങി കണ്ടവരെയെല്ലാം ഡയറക്ടർമാരാക്കുകയാണ്. കല്യാണക്കത്തുകൾ വായിക്കുമ്പോഴാണ് പലരും ചന്ദ്രിക ഡയറക്ടർമാരാണെന്ന് പോലും അറിയുന്നത്. പണം മാത്രം മാനദണ്ഡമാക്കി രണ്ടക്ഷരം എഴുതാൻ പോലും അറിയാത്തവരെ തലപ്പത്ത് കൊണ്ട് വെക്കുകയാണെന്നും ബഷീർ പറഞ്ഞു. ആകെ കുത്തഴിഞ്ഞ ചന്ദ്രികയുടെ നടത്തിപ്പിന് വ്യവസ്ഥയുണ്ടാക്കിയ ശേഷം സ്വാദിഖലി തങ്ങൾ ചുമതല ഏറ്റെടുത്താൽ മതിയെന്നും ബഷീർ ആവശ്യപ്പെട്ടു. ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്നായിരുന്നു സ്വാദിഖലി തങ്ങളുടെ പ്രതികരണം. കെ എസ് ഹംസയെയും കുഞ്ഞാലിക്കുട്ടിയും അടുത്തേക്ക് വിളിച്ച തങ്ങൾ ഇരുവരെയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന മൂന്ന് മണിക്ക് ആരംഭിച്ച യോഗം രാത്രി ഏഴരക്കാണ് അവസാനിച്ചത്.

TAGS :

Next Story