നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിന്റ പ്രത്യാഘാതമെന്തെന്ന് ഹൈക്കോടതി
ഏതെങ്കിലും തരത്തിൽ ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും കോടതി
കൊച്ചി: നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ബോധ്യപ്പെടുത്തിയേ മതിയാകുവെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഏതെങ്കിലും തരത്തിൽ ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും ഹാഷ് വാല്യു മാറിയത് കേസിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോയെന്നും കോടതി ചോദിച്ചു. പെൻ ഡ്രൈവ് ഫോറൻസിക് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി ഇന്നലെ പിൻമാറിയിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്. ഇതിനെ തുടർന്ന് ഹരജി മറ്റൊരു ബഞ്ച് പരിഗണിക്കുന്നത്. മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെയെന്നതും ഏത് ദിവസങ്ങളിലാണ് കാർഡ് തുറന്ന് പരിശോധിച്ചത് എന്നതിലും വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഫോറൻസിക് ലാബിൽ നിന്ന് ഒരിക്കൽ പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടും വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയത്.
Adjust Story Font
16