''ലിബറൽ വ്യക്തിവാദങ്ങളിലൂടെ എന്തു വിപ്ലവമാണ് എസ്എഫ്‌ഐ നടപ്പാക്കുന്നത്?''- വിമർശനവുമായി സുന്നി എപി വിഭാഗം വിദ്യാർത്ഥി സംഘടന
കേരള വർമ്മ കോളജിലെ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോർഡുകളിലും പ്രത്യക്ഷപ്പെട്ടത് തുണിയഴിക്കൽ വിപ്ലവമായിരുന്നു. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്-എസ്എസ്എഫ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു
സമൂഹത്തിന്റെ നന്മയും നിലനിൽപ്പും പരിഗണിക്കാത്ത ലിബറൽ വ്യക്തിവാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കണമെന്ന് സമസ്ത എപി വിഭാഗം വിദ്യാർത്ഥി സംഘടന. സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക-സദാചാര മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറൽ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ മാറിയിരിക്കുകയാണെന്നും എസ്എസ്എഫ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്എഫ്‌ഐക്ക് എസ്എസ്എഫിന്റെ വിമർശനം.
കാമ്പസുകൾക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദർശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുള്ള നിസ്സഹായതയിൽനിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശമെന്നും കുറിപ്പിൽ കുറ്റപ്പെടുത്തി. കേരള വർമ്മ കോളജിലെ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോർഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കൽ വിപ്ലവമായിരുന്നെന്നും വിമർശനം നീളുന്നു. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നും കുറിപ്പിൽ ചോദിച്ചു.
ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ കാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മതത്തിൽനിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവർ അമാനവികമായ ഈ ചിന്താധാരയെ പുൽകുന്നതിലെ ഗൂഢലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണം. മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നൽകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ദുർബലതയെ കൂടി വിവേകമുള്ളവർ മനസ്സിലാക്കണം-കുറിപ്പിൽ ആവശ്യപ്പെട്ടു.
എസ്എസ്എഫ് സംസ്ഥാന സമിതി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പ്
സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക-സദാചാര മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറൽ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ മാറിയിരിക്കുകയാണ്. അവ വലിയ വിനാശമാണ് നമ്മുടെ നാട്ടിൽ വിതക്കാനിരിക്കുന്നത്. നാളിതുവരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെയൊക്കെയും തിരസ്‌കരിച്ച് അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ അവിടെ അധാർമികതകളെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ കാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കാമ്പസുകൾക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയുവാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദർശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുള്ള നിസ്സഹായതയിൽനിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശം. കേരള വർമ്മ കോളജിലെ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോർഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കൽ വിപ്ലവമായിരുന്നു. ആശയങ്ങൾക്ക് മൂർച്ച കുറയുമ്പോൾ ആയുധങ്ങളെ ആശ്രയിച്ചിരുന്നവർ അശ്ലീലതയിൽ അഭയം തേടുന്ന അതിദാരുണ രംഗമാണ് ഇപ്പോൾ കാണുന്നത്. കേരളത്തിലെ കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ച് എം.എൻ വിജയനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നിരോധിക്കാൻ മാത്രം എന്ത് രാഷ്ട്രീയമാണ് കേരളത്തിലെ കാമ്പസുകൾക്കകത്ത് ഉള്ളത് എന്നാണ്. വിപ്ലവത്തിന്റെ കുത്തകാവകാശം പേറുന്നവർക്ക് നേരെയുള്ള മുനയുള്ള ചോദ്യം കൂടിയാണ് വിജയൻ മാഷിന്റെ ഉത്തരം. നിർമാണാത്മകമായ ഒരു രാഷ്ട്രീയ ആശയത്തെയും സംഭാവന ചെയ്യാൻ സമീപകാലത്തൊന്നും കഴിയാതെ പോയ നിരാശക്ക് പരിഹാരമെന്നോണമാണ് സ്വതന്ത്ര ലൈംഗികതയെ മുന്നിൽ നിർത്തി മുഖ്യധാരയിൽ നിറഞ്ഞുനിൽക്കാൻ ഇവർ പെടാപാട് പെടുന്നത്. ലൈംഗികതയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകൾ കാണുമ്പോൾ ലൈംഗികദാരിദ്ര്യമാണ് കലാലയങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. അക്കാദമികമായും മറ്റും വിദ്യാഭ്യാസ രംഗം നേരിട്ടുകൊണ്ടിരിക്കുന്ന പലവിധ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാതെ ലൈംഗികതയിലേക്ക് കാമറ തിരിക്കുന്നവർ ധൈഷണിക വിദ്യാർത്ഥിത്വത്തിൽനിന്ന് പൂവാലവിദ്യാർത്ഥിത്വത്തിലേക്ക് ചുരുങ്ങുകയാണ്.
കമ്പോള, മുതലാളിത്ത വിരുദ്ധ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ വക്താക്കൾ അവരുടെ അജണ്ടകളിൽ വീണുപോകുന്നുവെന്ന വൈരുധ്യം കൂടി നവലിബറൽ ആശയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ സംഭവിക്കുന്നുണ്ട്. സമൂഹത്തിന്റെ നന്മയും നിലനിൽപ്പും പരിഗണിക്കാത്ത ലിബറൽ വ്യക്തിവാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കണം. ലൈംഗികതയും ലഹരിയും കുത്തികയറ്റി യുവത്വത്തെ നശിപ്പിക്കുന്ന കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലിസത്തിന്റെ സംഭാവന.
മറ്റുള്ളവരുടെ ആശയങ്ങളുടെമേൽ കുതിരകയറലും പൊതുസമൂഹം തിൻമയായി കാണുന്നതെല്ലാം നൻമയായി അവതരിപ്പിക്കലുമാണ് ലിബറലിസത്തിന്റെ ഐഡിയോളജി. മതത്തിൽനിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവർ അമാനവികമായ ഈ ചിന്താധാരയെ പുൽകുന്നതിലെ ഗൂഢലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണം. മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നൽകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ദുർബലതയെ കൂടി വിവേകമുള്ളവർ മനസ്സിലാക്കണം. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. പള്ളിക്കൂടങ്ങളെ അസാംസ്‌കാരിക ഇടങ്ങളായി പരിവർത്തനം ചെയ്യാനുള്ള ലിബറൽ വർഗീയ കൂട്ടങ്ങളുടെ ചിന്താശൂന്യതക്ക് നിന്നുതരില്ലെന്ന് ധാർമ്മികത പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഉറക്കെപ്പറയേണ്ട സവിശേഷ സന്ദർഭമാണിത്.
Adjust Story Font
16