കെഎം ബഷീറിന് പിണറായി വാഗ്‌ദാനം ചെയ്‌ത നീതി എവിടെ? വിമർശിച്ച് വിടി ബൽറാം
സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ബൽറാം ഉന്നയിച്ചത്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ബൽറാം ഉന്നയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
പൊലീസും സർക്കാർ സംവിധാനങ്ങളും ഒത്തുകളിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിപ്പിച്ചത് കൊണ്ടാണ് ഇപ്പോൾ അയാൾക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് വിടി ബൽറാം ആരോപിച്ചു. കെഎം ബഷീറിന് മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌ത നീതി എവിടെയെന്നും ബൽറാം ചോദിച്ചു.
അതേസമയം, കോടതിവിധി വളരെ നിരാശാജനകമാണെന്നായിരുന്നു കേരള പത്രപ്രവർത്തക യൂണിയന്റെ പ്രതികരണം. വെറുമൊരു മോട്ടോർ വാഹനാപകടക്കേസ് മാത്രമായി കെഎം ബഷീർ കൊലക്കേസ് മാറുമെന്ന സൂചനയാണ് കോടതിവിധിയിലൂടെ ലഭിക്കുന്നതെന്നും കെ.യു.ഡബ്ള്യു.ജെ പ്രസിഡന്റ് എം.വി വിനീത പ്രതികരിച്ചു.
കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും നൽകിയ വിടുതൽ ഹരജിയിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടേതായിരുന്നു ഉത്തരവ്. ഐപിസി 304 ബി പ്രകാരമുള്ള മനഃപൂർവമുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയ കോടതി പ്രതികളുടെ വിടുതൽ ഹരജി തള്ളുകയും ചെയ്‌തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള കുറ്റങ്ങളും ശ്രീറാമിനെതിരെ നിലനിൽക്കും. അതേസമയം, വഫക്കെതിരെ അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്ന മോട്ടോർ വാഹനനിയമപ്രകാരമുള്ള വകുപ്പ് മാത്രമായിരിക്കും നിലനിൽക്കുക. ചെറിയ ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഇപ്പോൾ പ്രതികൾക്കെതിരെയുള്ളത്. അതിനാൽ കേസ് സെഷൻസ് കോടതിയിൽ നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1ലേക്ക് മാറ്റി.
നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് പ്രതികൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Adjust Story Font
16