Quantcast

'വ്യാജ ചരിത്രത്തെ വെള്ളപൂശുന്നു'; എൻ.സി.ഇ.ആർ.ടി ശിപാർശ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ 'ഇന്ത്യ'യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍.സി.ഇ.ആര്‍.ടി സമിതിയുടെ പുതിയ നിർദേശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

MediaOne Logo

Web Desk

  • Updated:

    2023-10-26 14:10:33.0

Published:

26 Oct 2023 1:44 PM GMT

വ്യാജ ചരിത്രത്തെ വെള്ളപൂശുന്നു; എൻ.സി.ഇ.ആർ.ടി ശിപാർശ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശിപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യ എന്ന പദത്തോടുള്ള വെറുപ്പെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദേശങ്ങളെ കാണേണ്ടത്. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ.സി.ഇ.ആർ.ടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നത്. പരിവാർ നിർമിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ 'ഇന്ത്യ'യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍.സി.ഇ.ആര്‍.ടി സമിതിയുടെ പുതിയ നിർദേശം. എൻ.സി.ഇ.ആർ.ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

TAGS :

Next Story