എ.കെ.ജി സെന്‍ററിലേക്ക് ബോംബെറിഞ്ഞതാര്? പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
എ.കെ.ജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട റിജുവിനെ അറസ്റ്റ് ചെയ്തെങ്കിലും ബോംബാക്രമണത്തില്‍ ഇയാള്‍ക്കുള്ള പങ്ക് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. എ.കെ.ജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട റിജുവിനെ രാത്രി വൈകി അറസ്റ്റ് ചെയ്തെങ്കിലും ബോംബാക്രമണത്തില്‍ ഇയാള്‍ക്കുള്ള പങ്ക് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംശയമുള്ള മറ്റൊരാളെ ചോദ്യംചെയ്തെങ്കിലും അക്രമത്തില്‍ പങ്കാളിയായതിന് തെളിവും കിട്ടിയില്ല.
എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ് നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ ബോംബെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് ശേഷം അക്രമി ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പിന്നീടുള്ള ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കഴക്കൂട്ടം അന്തിയൂര്‍കോണം സ്വദേശി റിജുവിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തി. എകെജി സെന്‍റര്‍ അക്രമത്തിന്‍റെ പേരിലല്ല കലാപാഹ്വാനത്തിന്‍റെ പേരിലാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും കസ്റ്റഡിയില്‍ എടുത്ത് 30 മണിക്കൂറിന് ശേഷം. ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. എകെജി സെന്‍റര്‍ അക്രമവുമായി ഇയാളെ ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബോംബേറ് നടത്തിയ ആള്‍ക്ക് മറ്റൊരാളുടെ സഹായം കൂടി കിട്ടിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതാര് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരമില്ല.
വേഗത്തില്‍ തന്നെ പ്രതിയെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ ഇന്നെങ്കിലും അക്രമിയെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
Adjust Story Font
16