ഡാറ്റ സെന്റർ മുതൽ വിഴിഞ്ഞം വരെ; ആരാണ് ദല്ലാൾ നന്ദകുമാർ?
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചയായത്
ടി.ജി നന്ദകുമാര്‍
തിരുവനന്തപുരം: ഉന്നത കോര്‍പ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ നായകനാകുന്നത് ആദ്യമല്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം മുതല്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം വരെ നേരിട്ടയാളാണ് നന്ദകുമാര്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചയായത്.
ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ജനനം. നന്ദകുമാറിന് വിശേഷണങ്ങള്‍ പലതാണ്. കേസുകളില്‍ ന്യായാധിപന്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കണ്‍സള്‍ട്ടന്‍റ്, അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിന്‍റെയും ഇന്‍റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍.
വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേരള സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്‍റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.
നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി.
Adjust Story Font
16