ആരാകും കെ.പി.സി.സി അധ്യക്ഷന്‍? താരീഖ് അന്‍വർ കേരളത്തിലെത്താനുള്ള സാധ്യതകള്‍ മങ്ങുന്നു
ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി
കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചർച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ കേരളത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി. താരീഖ് അന്‍വര്‍ അഭിപ്രായം ആരാഞ്ഞെങ്കിലും താന്‍ ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി പ്രതികരിച്ചു.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നതിന് മുന്നോടിയായി കേരളത്തിലെത്തി നേതാക്കളെ കാണുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ എംപിമാര്‍,എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്നും ടെലിഫോണ്‍ മുഖേനെ താരീഖ് അന്‍വര്‍ അഭിപ്രായങ്ങള്‍ ആരായുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രണ്ട് ദിവസമായി താരീഖ് അന്‍വര്‍ സംസാരിച്ചതില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് ചുരുക്കം നേതാക്കള്‍ മാത്രമാണ്. അതില്‍ കെ സുധാകരനാണ് മുന്‍തൂക്കം. ഐ ഗ്രൂപ്പില്‍ നിന്ന് കെ സുധാകരന്‍റെ പേര് നിര്‍ദേശിക്കപ്പെടുമ്പോഴും എ ഗ്രൂപ്പ് മൌനം പാലിക്കുന്നു. ഹൈക്കമാന്‍റിന് തീരുമാനിക്കാമെന്നായിരുന്നു എംഎല്‍എമാരടക്കം പലരും സ്വീകരിച്ച നിലപാട്. താനും ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. ഹൈക്കമാന്‍റ് ആരെ തീരുമാനിച്ചിലും പിന്തുണയ്ക്കും.
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതില്‍ അതൃപ്തിയുള്ള ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിശ്വാസത്തിലെടുക്കാന്‍ ഹൈക്കമാന്‍റ് എന്ത് രീതി സ്വീകരിക്കുമെന്നും ഇപ്പോള്‍ വ്യക്തമല്ല. അവരുമായി മാത്രം നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും തള്ളാനാകില്ല. ഏതായാലും തീരുമാനം വൈകില്ലെന്നാണ് സൂചനകള്‍.
Adjust Story Font
16