രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതാര്?; സി.സി.ടി.വി ദൃശ്യങ്ങൾ അരിച്ചുപെറുക്കി പൊലീസ്
കുട്ടിയെ ഇന്നലെ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് വീണ്ടും പരിശോധന നടത്തി
തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതീക്ഷ വെച്ച് പൊലീസ്. കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസിന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിൽ നിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ ഇന്നലെ കണ്ടിടത്ത് വീണ്ടും പൊലീസ് എത്തി പരിശോധന നടത്തുകയാണ്.
അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി എസ്.എ.ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ അനുസ്മരിപ്പിക്കും വിധം ഉദ്വേഗം നിറഞ്ഞതായിരുന്നു പേട്ടയിൽ രണ്ടുവയസുകാരിക്ക് വേണ്ടി പൊലീസ് നടത്തിയ പരിശോധന. ഇന്നലെ പുലർച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ടെൻറിൽ മൂത്ത സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതാവുന്നത്. പേട്ട ഓൾ സെയിൻറ്‌സ് കോളേജിൻറെ പിറകിലെ ചതുപ്പിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പുലർച്ചെ രണ്ടരയോടെ പൊലീസിൽ പരാതി ലഭിക്കുന്നത്. മഞ്ഞ ആക്റ്റീവ സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറു വയസുകാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകി. മൂന്ന് മണി മുതൽ പൊലീസ് പരിശോധന തുടങ്ങി. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊർജിതപ്പെടുത്തി. 10 മണിയോടെ അന്വേഷണത്തിൽ ട്വിസ്റ്റ്. സ്‌കൂട്ടർ കഥയിൽ വ്യക്തത വന്നിട്ടില്ലെന്നായിരുന്നു പൊലീസ് ആ സമയം വ്യക്തമാക്കിയത്.
തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം എന്നതിനാൽ ഉച്ചയോടെ വിമാനത്താവള അതോറിറ്റിയുടെ പ്രത്യേക അനുമതി നേടി പൊലീസ് ഡ്രോൺ പരിശോധനയും തുടങ്ങി. അത് വിജയകരമായി. സമയം ഏഴര. കുട്ടിയെ കാണാതായതിന്‍റെ 19-ാം മണിക്കൂർ. കാണാതായ സ്ഥലത്തിന് സമീപമുള്ള ബ്രഹ്മോസിന് പിറകിലുള്ള ഓടയിൽ നിന്ന് പാതി അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ ആശങ്കകൾക്ക് വിരാമമിട്ട് കുട്ടിയുടെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നു. നിർജലീകരണം മൂലമുണ്ടായ അസ്വസ്ഥത ഒഴിച്ചുനിർത്തിയാൽ ആ രണ്ടു വയസുകാരി മിടുമിടുക്കിയായി ആശുപത്രിയിൽ കഴിയുന്നു. കേരളാ പൊലീസിനെ സല്യൂട്ട് ചെയ്ത് കുട്ടിയുടെ ബന്ധുക്കൾ നിറകണ്ണുകളോടെ നന്ദി പറഞ്ഞു.
Adjust Story Font
16