Quantcast

'ബഷീറിനെ തീവ്രവാദിയാക്കുന്നതാരാണ്?'; കുറിപ്പുമായി എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി

കോഴിക്കോട്ട് സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത ചോദ്യാവലിയിലാണ് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് വിവാദ ചോദ്യം ഉൾപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    5 July 2023 6:24 AM GMT

who makes basheer as terrorrist fb post Jamal kochangdi
X

വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് ചോദ്യാവലി തയ്യാറാക്കിയതിൽ വിമർശനവുമായി എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി. ചാലപ്പുറം ഗവ. ഗണപത് ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് നൽകിയ ചോദ്യാവലിയിലെ ഒരു ചോദ്യമാണ് വിവാദമായത്. ബഷീർ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ഏത് തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് എന്നാണ് ചോദ്യം. പ്രഭ എന്ന ഉത്തരവും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

തീവ്രവാദ സംഘടനയുടെ മുഖപത്രമായിരുന്നു 'ഉജ്ജീവനം' എന്നും അതിൽ എഴുതിയ ആളായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്നും വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും വിമർശനമുണ്ട്. ഇരുവരും പത്രം തുടങ്ങാനിടയായ സാഹചര്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

ബഷീറിനെ തീവ്രവാദി ആക്കുന്നതാരാണ്? കോഴിക്കോട് ഒരു ഹൈസ്ക്കൂളിൽ പഠിക്കുന്ന പേരമകൻ ഉസൈർ ശബീബ് ഇന്നലെ വീട്ടിൽ വന്നത് ഒരു ചോദ്യാവലിയുമായാണ്. അതാര് തയ്യാറാക്കിയതാണെന്നറിയില്ല. അതിലെ ഒരു ചോദ്യമാണിത് : ബഷീർ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് ?ഉത്തരവുമുണ്ട് : പ്രഭ. ഉത്തരം ശരിയായിരിക്കാം.

എന്നാൽ നിഷ്ക്കളങ്കമെന്ന് തോന്നുന്ന ഈ ചോദ്യം ഉയർത്തുന്ന ഒരു ആരോപണമുണ്ട്. ഒരു തീവ്രവാദ സംഘടനയുടെ മുഖപത്രമായിരുന്നു ഉജ്ജീവനം എന്നതാണത്. അത് ശരിയാണൊ എന്ന ഉപചോദ്യം ഇവിടെ ഉയരുന്നു. ഈ ഉജ്ജീവനത്തിന്റെ പ്രസാധകനായ പി.എ. സൈനുദ്ദീൻ നൈനായുടെ പേരക്കുട്ടിയാണ് താൻ എന്നൊക്കെ ഉസൈർ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു. ഇവിടെ ഉജ്ജീവനത്തിന്റെ പ്രസാധകനായ സൈനുദ്ദീൻ നൈനയും പത്രാധിപരായ ബഷീറും ചേർന്ന് പത്രം തുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടതുണ്ട്.

വൈക്കത്തു നിന്നു വൈക്കം മുഹമ്മദ് ബഷീറും കൊച്ചിയിൽ നിന്ന് സൈനുദ്ദീൻ നൈനയും കോഴിക്കോട്ട് എത്തിയാണ് 1930 ൽ മുഹമ്മദ് അബ്ദുർ റഹ്മാന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്. എന്റെ പിതാവ് സൈനുദ്ദീൻ നൈനയുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് ഇ.മൊയ്തു മൗലവി ആത്മകഥയിൽ പറയുന്നുണ്ട്. നേരിട്ട് എന്നെ കാണുമ്പോഴെല്ലാം ആ ത്യാഗത്തെ കുറിച്ച് വികാരവായ്പ്പോടെ അദ്ദേഹം ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.

സമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയപ്പോഴാണ് ബഷീറും നൈനയും പരിചയപ്പെടുന്നത്. ആ ജയിൽ ജീവിതത്തെപ്പറ്റി ഓർമ്മയുടെ അറകളിൽ വിശദമായും സരസമായും ബഷീർ എഴുതിയിട്ടുമുണ്ട്. ആ ഘട്ടത്തിലാണ് ജയിൽ മോചിതരായി നാട്ടിൽ ചെന്നാൽ ഒരു പത്രം തുടങ്ങണമെന്ന് ഇരുവരും ചേർന്ന് തീരുമാനിക്കുന്നത്. സഹോദരൻ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നൽകിയത്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം മൗലവി തമ്മിലുണ്ടായിരുന്നത് പോലെ ഒരു ബന്ധമാണ് ഉജ്ജീവനത്തിന്റെ പത്രാധിപരും പ്രസാധകനും തമ്മിലുണ്ടായിരുന്നത്. ബാപ്പ വേറെയും പത്രം നടത്തി പരിചയമുള്ളയാളായിരുന്നു. എന്നാൽ അദ്ദേഹം തന്റെ പത്രാധിപർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. പശ്ചിമകൊച്ചിയിൽ നിന്നാണ് ഉജ്ജീവനം പ്രസിദ്ധീകരിച്ചിരുന്നത്.

ജയിൽ മോചിതനാകുമ്പോൾ തന്നെ സ്വാതന്ത്രൃസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കൽപ്പങ്ങൾ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങൾ അതിൽ സ്വാധീനം ചെലുത്തിയതായും ഓർമ്മയുടെ അറകളിൽ ബഷീർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തിൽ വരുന്ന തീപ്പൊരിലേഖനങ്ങൾ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളിൽ കൊച്ചി മുഴുവൻ സഞ്ചരിച്ച് ചുമരുകളിൽ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികളുടെ ഒരു വാനര സംഘടന പ്രവർത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീർ പറയുന്നുണ്ടെന്ന് മാത്രം. അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടില്ല.

പത്രാധിപർ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നു എന്ന് മനസ്സിലാക്കിയ പ്രസാധകനാണ് അദ്ദേഹത്തെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. പത്തു വർഷത്തോളം നീണ്ട ഈ ഭാരതപര്യടനത്തിലെ പല അനുഭവങ്ങളും കൊച്ചിയിലെ ഉജ്ജീവനകാല ജീവിതവും ബഷീറിന്റെ സർഗ്ഗാത്മക ജീവിതത്തിന്ന് ഊർജ്ജം പകർന്നിട്ടുണ്ട്. ധർമ്മരാജ്യം, പട്ടത്തിന്റെ പേക്കിനാവ് തുടങ്ങിയ രാഷ്ട്രീയരചനകളെ ഫാഷിസ്റ്റ് കാലത്തെ ബഷീർ എന്ന ലേഖനത്തിൽ ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ എം.എ.റഹ്മാൻ വിവരിക്കുന്നുണ്ട്.



ഇക്കാലമത്രയും അന്വേഷിച്ചിട്ടും ഉജ്ജീവനത്തിന്റെ ഒരു കോപ്പി കണ്ടുകിട്ടിയിട്ടില്ല. അടുത്ത കാലത്ത് ബ്രിട്ടനിൽ പോയപ്പോൾ ബഹുമാന്യ സുഹൃത്ത് ഡോ.എം.എൻ.കാരശ്ശേരി, എന്റെ അപേക്ഷ മാനിച്ച് ലണ്ടൻ ലൈബ്രറിയിൽ പോലും തിരച്ചിൽ നടത്തി നിരാശനാവുകയായിരുന്നു. ചോദ്യാവലി തയ്യാറാക്കിയത് സ്ക്കൂൾ അധികാരികളല്ല. പുറത്ത് നിന്നയച്ചു കൊടുത്തതാണ്. അത് തയ്യാറാക്കിയത് ആരായാലും ഉജ്ജീവനം പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ നാളെ അത് ഭീകര സംഘടനയായി മാറും. ബഷീറും സൈനുദ്ദീൻ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും.അത് തടയാൻ സാംസ്ക്കാരിക കേരളം ശബ്ദമുയർത്തേണ്ടതുണ്ട്. ഇന്ന് എല്ലായിടങ്ങളിലും ബഷീർ ഓർമ്മദിനങ്ങൾ നടക്കുന്നുണ്ടല്ലൊ അവിടെയെല്ലാം പ്രതിഷേധം ഉയരണം.

TAGS :

Next Story