കൊല്ലം ആയൂർ ജവഹർ ഹൈസ്‌കൂളിനു സമീപം വ്യാപക മാലിന്യനിക്ഷേപം; രോഗവ്യാപനമുണ്ടാക്കുന്നതായി പരാതി
ഇടമുളക്കൽ പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളും ഇവിടെ തള്ളുന്നതായി നാട്ടുകാർ പറയുന്നു
കൊല്ലം: കൊല്ലം ആയൂർ ജവഹർ ഹൈസ്‌കൂളിനു സമീപം വ്യാപക മാലിന്യനിക്ഷേപം. ആയിരത്തോളം കുട്ടികളും ഒട്ടനവധി കുടുംബങ്ങളും താമസിക്കുന്ന പ്രദേശത്താണ് മാലിന്യ നിക്ഷേപം നടക്കുനത്. രൂക്ഷദുർഗന്ധത്തിനും രോഗവ്യാപനത്തിനും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
ആയൂരിലുള്ള സർക്കാർ വക ഭൂമിയിൽ തള്ളിയിരിക്കുന്ന മാലിന്യമാണിത്. അഴുകിയ മാലിന്യങ്ങളടക്കം ചാക്കുകളിലാക്കി തള്ളിയിരിക്കുന്നു. ഇടമുളക്കൽ പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളും ഓടകളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ തള്ളുന്നതായി നാട്ടുകാരുടെ പരാതി. ഇതുമൂലം പ്രദേശമാകെ ദുർഗന്ധം വമിച്ചു തൊട്ടടുത്തുള്ള സ്‌കൂളിലെ വിദ്യാർഥികളടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
വ്യാപക മാലിന്യ നിക്ഷേപം മൂലം ഇഴജന്തുക്കളുടെയും തെരുവുനായകളുടേയും ശല്യം പ്രദേശത്ത് രൂക്ഷമാണ്. പ്രദേശത്തു നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഇടമുളക്കൽ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Adjust Story Font
16