രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
തിരുവനന്തപുരത്ത് രാജഭവനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് രാജഭവനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി . സംഘർഷത്തിൽ മൂന്ന് പ്രവർത്തകരുടെ തലയ്ക്ക് പരിക്കേറ്റു . കോഴിക്കോട്ടും കോൺഗ്രസ് മാർച്ചിൽ സംഘർഷം ഉണ്ടായി.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു ആദ്യം നൈറ്റ് മാർച്ചുമായി രാജ്ഭവനിലേക്ക് എത്തിയത്. പ്രവർത്തകർക്ക് നേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും അക്രമ സംഭവങ്ങൾ ഉണ്ടായില്ല. പിന്നീട് കെ.എസ്.യു പ്രവർത്തകരുടെ ഊഴമായിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ നിർത്താതെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ പ്രകോപിതരായി. പൊലീസിന് നേരെ കല്ലും കമ്പുകളും വലിച്ചെറിഞ്ഞതോടെ ലാത്തിച്ചാർജ്.
പ്രവർത്തകരെ പിന്നാലെ ഓടിയെത്തിയും വളഞ്ഞിട്ടും പൊലീസ് മർദ്ദിച്ചു. ലാത്തി അടിയേറ്റ് മൂന്ന് പ്രവർത്തകരുടെ തലപൊട്ടി. ഒരു മണിക്കൂറോളം രാജ്ഭവൻ പരിസരം യുദ്ധഭൂമിയായി. ആർ.എസ്.എസിനെതിരായ സമരത്തെ കേരള പൊലീസ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് അകത്തേക്ക് തള്ളിക്കയറിയതാണ് സംഘർഷത്തിന് കാരണം. കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ബൈപ്പാസ് ഉപരോധിച്ചു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് .ഷെഫീക്കിന്‍റെ നേതൃത്വത്തിൽ കൊമ്മാടിയിലായിരുന്നു ഉപരോധം. ബൈപ്പാസിൽ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Adjust Story Font
16