അബിഗേലിനായി വ്യാപക തെരച്ചിൽ; 14 ജില്ലകളിലും ജാഗ്രതാനിർദേശം
കുറച്ച് ദിവസങ്ങളായി പരിസരത്ത് ഒരു വെള്ള കാർ കറങ്ങുന്നതായി പ്രദേശവാസികളായ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്
കൊല്ലം: ഓയൂരിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ അബിഗേൽ സാറ റെജിക്കായി അന്വേഷണം ഊർജിതം. 14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തികളിൽ പരിശോധന കർശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി എം.ആർ അജിത്കുമാറിന്റെ നിർദേശം.
പരമാവധി പൊലീസുകാരെ എല്ലാ സ്റ്റേഷനുകളിൽ നിന്നും വിന്യസിച്ച് പരിശോധന നടത്തണമെന്നാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. കുട്ടിയെ വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെത്തിയ ഫോൺകോളിന്റെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന. പണത്തിന് വേണ്ടി തന്നെയാണോ അതോ കേസ് വഴിതിരിച്ചു വിടാനാണോ ഫോൺകോൾ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
പ്രതികൾ ജില്ല വിട്ടു എന്ന നിഗമനം തന്നെയാണ് പൊലീസിന്. നമ്പർ പ്ലേറ്റ് സിസിടിവിയിൽ കാണാവുന്ന രീതിയിൽ തന്നെ കൃത്യം നടത്തിയത് കേസ് കുഴപ്പിക്കാനാണോ എന്നതാണ് കുഴപ്പിക്കുന്ന മറ്റൊരു കാര്യം. റെയിൽവേ സ്റ്റേഷനുകളിലടക്കം പൊലീസിന്റെ പരിശോധനയുണ്ട്. കുട്ടിക്കായി നാട്ടുകാരും തെരച്ചിലിനിറങ്ങി.
കുട്ടി സുരക്ഷിതമായി തങ്ങളുടെ കയ്യിലുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടാണ് കോൾ എത്തിയത്. കോൾ ട്രേസ് ചെയ്ത് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുണ്ടെന്നാണ് സഹോദരൻ ജൊനാഥന്റെ മൊഴി. ഇത് സത്യമാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നതും.
കുറച്ച് ദിവസങ്ങളായി പരിസരത്ത് ഒരു വെള്ള കാർ കറങ്ങുന്നതായി പ്രദേശവാസികളായ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം രജിസ്‌ട്രേഷനിൽ ഉള്ളതാണ് ഈ കാർ. അതുകൊണ്ടു തന്നെ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാണ്.
ഇന്ന് വൈകുന്നേരം 4.45 ഓടുകൂടിയാണ് സംഭവമുണ്ടാകുന്നത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്.കുട്ടിയുടെ ചേട്ടൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. കുട്ടികളുടെ അടുത്ത് നിർത്തിയ വാഹനത്തിൽ നിന്നും ഇവർക്കുനേരെ കാറിലെത്തിയവർ ഒരു കടലാസ് നീട്ടി. ഇതിനിടെ പെൺകുട്ടിയെ കുട്ടിയെ ബലമായി കാറിലേക്ക് കയറ്റിക്കൊണ്ടുപോയി എന്നാണ് സഹോദരന്റെ മൊഴി.
Adjust Story Font
16