കാടിറങ്ങിയ ഭീതി; ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്ന് മാങ്കുളം പ്രദേശവാസികൾ
കുട്ടികളെ പുറത്തിറക്കാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു
ഇടുക്കി: വന്യജീവികൾ തുടർച്ചയായി കാടിറങ്ങി എത്തിയതോടെ കടുത്ത ഭീതിയിലാണ് മാങ്കുളത്തെ ജനങ്ങൾ. വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള ആക്രമണം ഇപ്പോൾ മനുഷ്യർക്ക്മ നേരെയും ഉണ്ടായതോടെ ജീവൻ തന്നെ ഭീഷണിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.മേഖലയിലെ ചിക്കനം കുടി ആദിവാസി കോളനിയിലെ ഗോപാലൻ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പുലിയെ കൊന്നതോടെയാണ് മാങ്കുളത്തെ ആശങ്ക പുറത്തറിയുന്നത്.
വളർത്തുമൃഗങ്ങളെ കൊന്ന് തുടങ്ങിയതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം നാട്ടുകാർ തിരിച്ചറിഞ്ഞത്. ഏതാനും നാളുകള്‍ക്ക് മുമ്പ് പെരുമന്‍കുത്ത്,മുനിപാറ മേഖലകളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മറ്റിടങ്ങളിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മാങ്കുളത്ത് ഉപേക്ഷിക്കുകയാണെന്ന പരാതിയും പ്രദേശവാസികൾക്കുണ്ട്. പുലി, പാമ്പ്, ആന ഇങ്ങനെ വന്യജീവികൾ പ്രദേശത്ത് തുടർച്ചയായി ഭീതി പരത്തുകയാണ്. ഇതിനിടെ മറ്റുള്ളയിടങ്ങളിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മാങ്കുളം വനമേഖലകളിൽ തുറന്നു വിടുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
കുട്ടികളെ പുറത്തിറക്കാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഗോപാലന് നേരെ പുലിയുടെ ആക്രമണം ഉണ്ടായത് മാങ്കുളത്തെ സ്‌കൂൾ സ്ഥിതിചെയ്യുന്നതിന് നൂറുമീറ്റർ അകലെയാണ് എന്നതും ആശങ്ക ഉയർത്തുന്നു.
അതേസമയം, വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെ വന്യമൃഗശല്യം തടയുന്നതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.
Adjust Story Font
16