കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം
ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും
കോട്ടയം: എരുമേലി കണമലയിൽ രണ്ട് പേരെ കാട്ടുപോത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ ജയശ്രീയാണ് ധനസഹായം പ്രഖ്യാപിച്ചത്. ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. തിങ്കളാഴ്ചക്കകം ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങിയാൽ വെടിവെക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും യോഗം ചേർന്ന് ആവശ്യമെങ്കിൽ അനുമതി നീട്ടി നൽകും. പ്രദേശത്ത് ആര്‍.ആര്‍.ടി ഫോഴ്സിനെ നിയോഗിക്കും. അപകടത്തില്‍ കൂടുതൽ ധനസഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും സർക്കാരിന് ശുപാർശ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ജയശ്രീ പറഞ്ഞു.
ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് പിന്നീട് മരിച്ചു. രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാക്കോയുടെ കാലുകൾ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ചാക്കോയെ ആക്രമിച്ചതിന് ശേഷം പോത്ത് തോമസിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. പ്രദേശത്ത് ആനയടക്കമുള്ള മൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഇതാദ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് കാട്ടുപോത്ത് ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ബഫർസോണുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുള്ള പ്രദേശമാണിത്.
പുലർച്ചെയായത് കൊണ്ട് തന്നെ അധികമാളുകൾ പ്രദേശത്തില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കാർഷിക മേഖലയിലുള്ളവർ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. അടുത്തടുത്ത വീടുകളിലുള്ളവരാണ് ചാക്കോയും തോമസും.
Adjust Story Font
16